covid

കൊല്ലം: സമൂഹ വ്യാപനത്തിന്റെ സാദ്ധ്യതകൾ അരികിലുണ്ടെന്ന മുന്നറിയിപ്പുകൾക്കിടയിലും പൊതു ഇടങ്ങളിലെ ആൾക്കൂട്ട നിയന്ത്രണം പാളുന്നു. ലോക്ക് ഡൗൺ കാലത്ത് സർക്കാർ ഓഫീസുകൾ മുതൽ പൊതു നിരത്തുകൾ വരെ തിരക്കിലമരുന്നത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുകയാണ്. ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ആശങ്ക ഉയർത്തും വിധം വർദ്ധിക്കുമ്പോഴും പൊതുജനം സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊള്ളുന്നില്ല.

ആൾക്കൂട്ടങ്ങളെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം രൂപപ്പെട്ടാൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നതടക്കമുള്ള തീരുമാനങ്ങൾ വന്നേക്കാം. പൊതു ഇടങ്ങളിലൊന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന യാഥാർത്ഥ്യം ആരോഗ്യ വകുപ്പ് അധികൃതർ ഗൗരവത്തോടെ സർക്കാരിനെ ബോദ്ധ്യപ്പെടുത്തുന്നുണ്ട്. സർക്കാർ ഓഫീസുകളുടെ മുന്നിലടക്കം ഉണ്ടായിരുന്ന ഹാൻഡ് വാഷ് കോർ‌ണറുകൾ ഇല്ലാതാകുകയോ പേരിന് മാത്രമാകുകയോ ചെയ്തു. പൊതുജനങ്ങൾക്കും ആവശ്യങ്ങൾക്കായി ഓഫീസിൽ വരുന്നവർക്കും കൈ കഴുകാൻ സൗകര്യമില്ല. ആദ്യ ഘട്ടത്തിൽ പുലർത്തിയിരുന്ന ഗൗരവവും പ്രതിരോധനവും സമൂഹത്തിൽ നിന്ന് പതിയെ ഇല്ലാതാവുകയാണ്.

 ബാങ്കുകളിലെ തിരക്ക് പരിധി വിടുന്നു

ഗ്രാമ, നഗര ഭേദമില്ലാതെ ബാങ്കുകൾക്ക് മുന്നിൽ പൂരത്തിരക്കാണ്. ടോക്കൺ സംവിധാനം ഏർപ്പെടുത്തി ബാങ്കുകൾക്കുള്ളിൽ കയറുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്നുണ്ടെങ്കിലും പുറത്തെ തിരക്ക് നിയന്ത്രിക്കാനാകുന്നില്ല. പലയിടങ്ങളിലും റോഡ് ഗതാഗതത്തെ ബാധിക്കുന്ന തരത്തിൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ആദ്യ ഘട്ടത്തിലെ പോലെ ഗൗരവമായ നിരീക്ഷണം പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. ഇന്റർനെറ്റ് സൗകര്യമുള്ള സ്മാർട്ട് ഫോൺ ഉ്ളളവർക്ക് എവിടെയിരുന്നും നടത്താൻ കഴിയുന്ന ബാങ്കിംഗ് ഇടപാടുകൾക്ക് വേണ്ടിയാണ് പലരും രാവിലെ മുതൽ വൈകിട്ട് വരെ എല്ലാ നിയന്ത്രണങ്ങളും അവഗണിച്ച് തിരക്ക് കൂട്ടുന്നത്.

 ഒരു ഫോൺ കോളിൽ സാധനങ്ങൾ വീട്ടിലെത്തും, എന്നിട്ടും ...

സൂപ്പർ മാർക്കറ്റുകൾ, സ്റ്റേഷനറി കടകൾ, മത്സ്യ - ഇറച്ചി വിപണന കേന്ദ്രങ്ങൾ, ഹോട്ടലുകൾ, ബേക്കറികൾ തുടങ്ങി ഏതാണ്ടെല്ലാ സ്ഥാപനങ്ങളും ഹോം ഡെലിവറി സംവിധാനം വൻ തോതിൽ പ്രോത്സാഹിപ്പിക്കുകയാണ്. സ്ഥാപനത്തിന്റെ വാട്ട്സ് ആപ്പ് നമ്പരിലേക്ക് ആവശ്യമുള്ള സാധനങ്ങളുടെ പേരും ഉപഭോക്താവിന്റെ മേൽവിലാസവും അയച്ച് കൊടുത്താൽ മണിക്കൂറുകൾക്കം സാധനം വീട്ടിലെത്തും. ഭക്ഷണം ആണെങ്കിൽ അരമണിക്കൂറിനുള്ളിൽ തീൻ മേശയിലെത്തും. വിപണന കേന്ദ്രങ്ങൾ സൗകര്യങ്ങൾ ഇത്രയേറെ വർദ്ധിപ്പിച്ചിട്ടും കടകളിലെത്തി ജനംതിരക്ക് കൂട്ടുന്നതെന്തിനെന്ന ചോദ്യമാണുയരുന്നത് .

 സർക്കാർ ഓഫീസ് സൗകര്യങ്ങളും ഓൺലൈനിലുണ്ട്...

സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാണ്. എങ്കിലും ചിലർക്ക് 25 രൂപയിൽ താഴെയുള്ള വസ്തു കരം അടയ്ക്കാൻ വില്ലേജ് ഓഫീസിൽ നേരിട്ട് പോയേ മതിയാകൂ. ഈ മനോഭാവം അടിയന്തരമായി മാറ്റിയേ മതിയാകൂ. പരമാവധി സേവനങ്ങൾ ഓൺലൈൻ മുഖേന ഉപയോഗപ്പെടുത്തണം

 ബസുകളിലും വേണം സാമൂഹിക അകലം

ബസ്, ഓട്ടോ റിക്ഷ, മിനി ബസുകൾ തുടങ്ങിയ വാഹനങ്ങളിൽ സാമൂഹിക അകലം പൂർണമായി ഉറപ്പാക്കാനാകുന്നില്ല. കെ.എസ്.ആർ.ടി.സി ബസുകളിൽ പരിധിയിൽ കൂടുതൽ ആളുകളെ കയറ്റുന്നില്ലെങ്കിലും സ്വകാര്യ ബസുകളിൽ പലതിലും സ്ഥിതി അങ്ങനെയല്ല. തിരക്കുള്ള ബസിലേക്ക് ഇടിച്ച് കയറാനും ഒരു വിഭാഗം യാത്രക്കാർ മത്സരിക്കുന്നുണ്ട്.

......................................................

1. തിരക്ക് നിയന്ത്രിക്കാൻ പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഇടപെടൽ അനിവാര്യം

2. അനാവശ്യ യാത്രകൾ നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ വേണം

3. ഹാൻഡ് വാഷ് കോർണറുകൾ സജ്ജമാക്കാത്ത സർക്കാർ ഓഫീസുകൾക്കെതിരെയും നടപടി വേണം

4. മാസ്‌ക് ധരിക്കാതെ സഞ്ചരിക്കുന്നവരുടെ എണ്ണം കൂടുന്നത് ഗൗരവമായെടുക്കണം

...............................

കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. നിയന്ത്രണങ്ങൾ അവഗണിക്കുന്നവർക്കെതിരെ നടപടി ഉണ്ടാകും. പൊലീസ് കർശന പരിശോധന നടത്തുകയാണ്.

ഹരിശങ്കർ, കൊല്ലം റൂറൽ എസ്.പി