കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ബാധിതരെ കൂട്ടത്തോടെ പ്രവേശിപ്പിക്കുന്നത് ഒഴിവാക്കാൻ വാളകം മേഴ്സി ആശുപത്രിയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ അടുത്തയാഴ്ച. കൊവിഡ് സ്ഥിരീകരിച്ചവരിൽ രോഗലക്ഷണങ്ങളില്ലാത്തവരെയാകും ഇവിടെ ചികിത്സിക്കുക.
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരിൽ പ്രത്യേക പരിചരണം ആവശ്യമുള്ളവരെ കൂടുതൽ ശ്രദ്ധിക്കാനാണ് രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ മറ്റൊരിടത്തേക്ക് മാറ്റുന്നത്. മേഴ്സി ആശുപത്രിയിൽ ഇതിനായുള്ള അടിസ്ഥാന സൗകര്യം ഒരുക്കൽ പുരോഗമിക്കുകയാണ്. രണ്ടാംഘട്ടമായി നെടുമ്പന പി.എച്ച്.സി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാകും. നൂറുകിടക്കകൾ വീതമാകും ഓരോ സ്ഥലത്തും സജ്ജമാക്കുക. ഒരു സ്വകാര്യ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റൽ കൂടി കൊവിഡ് ചികിത്സയ്ക്ക് ഏറ്റെടുക്കാൻ ആലോചനയുണ്ട്. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്കുവേണ്ട ആരോഗ്യ പ്രവർത്തകരെ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ നിന്നാകും നിയോഗിക്കുക.
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ.......
കിടക്കകൾ:100
ഡോക്ടർമാർ:06
സ്റ്റാഫ് നഴ്സ്: 12
വോളണ്ടിയർമാർ: 10
ജില്ലാ ആശുപത്രിക്ക് ആശ്വാസം
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ആരംഭിക്കുന്നതോടെ ജില്ലാ ആശുപത്രി കൊവിഡ് സെന്ററാക്കുന്നത് നീണ്ടിക്കൊണ്ടുപോകാനാകും. പ്രത്യേക പരിചരണം ആവശ്യമുള്ള കൊവിഡ് ബാധിതരുടെ എണ്ണം പാരിപ്പള്ളി മെഡിക്കൽ കോളേജിന് താങ്ങാനാകാത്ത തരത്തിൽ ഉയർന്നാലെ ജില്ലാ ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിക്കൂ.
ജില്ലാ ആശുപത്രിയെ കൊവിഡ് സെന്ററാക്കി മാറ്റാനുള്ള നീക്കത്തിനെതിരെ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നടക്കം വ്യാപകമായി എതിർപ്പ് ഉയർന്നിരുന്നു. കൊവിഡ് സെന്ററാക്കാനായി ജില്ലാ ആശുപത്രിയിൽ കിടത്തി ചികിത്സയിലുളള രോഗികളുടെ എണ്ണം ക്രമേണ കുറയ്ക്കാൻ ജില്ലാ ഭരണകൂടം ജില്ലാ ആശുപത്രി അധികൃതർക്ക് ഈമാസം ആദ്യം നിർദ്ദേശം നൽകിയിരുന്നു. ഇതുപ്രകാരം പുതിയ രോഗികളെ വാർഡുകളിൽ പ്രവേശിപ്പിക്കുന്നത് കുറച്ചു.
കൊവിഡ് പടരാത്ത ഓപ്പറേഷൻ തീയേറ്റർ
ജില്ലാ ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിൽ കൊവിഡിന്റേത് അടക്കമുള്ള ഒരു വൈറസുകളും മറ്റുള്ളവരിലേക്ക് പടരാത്ത നെഗറ്റീവ് പ്രഷർ വെന്റിലേഷൻ സംവിധാനം ഒരുക്കും. തീയേറ്ററിനുള്ളിലെ വായു നിരന്തരം വലിച്ചെടുത്ത് ശുദ്ധവായു നൽകുന്നതാണ് പുതിയ സംവിധാനം. രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ സംവിധാനം സ്ഥാപിച്ച് ശസ്ത്രക്രിയകൾ പുനരാരംഭിക്കും.