veedu
തകർന്നു വീഴാറായ വീടിന് സമീപം ആനന്ദവല്ലി

തൊടിയൂർ: ചോർന്നൊലിക്കുന്ന കൂരയിൽ പൊള്ളുന്ന ജീവിതാനുഭവങ്ങളുമായി രണ്ട് പെൺകുട്ടികൾ. കല്ലേലിഭാഗം മീനത്തേപടീറ്റതിൽ സ്വദേശികളായ തഴവ ഗവ. ഗേൾസ് എച്ച്.എസ്.എസിലെ പ്ളസ് ടു വിദ്യാർത്ഥിനി അനിതയും കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ പത്താംക്ളാസ് വിദ്യാ‌ർത്ഥിനി സനിതയുമാണ് സ്വസ്ഥമായി അന്തിയുറങ്ങാനും പഠിക്കാനും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നത്തോട് പടവെട്ടുന്നത്.

കശുഅണ്ടി തൊഴിലാളിയായിരുന്ന മുത്തശ്ശി ആനന്ദവല്ലിഅമ്മയുടെ (75) സംരക്ഷണയിലാണ് ഇവർ കഴിയുന്നത്. മുത്തശ്ശിക്ക് ലഭിക്കുന്ന പെൻഷൻ മാത്രമാണ് ഏക വരുമാനം. ആനന്ദവല്ലിയുടെ ഭർത്താവ് വിദ്യാധരൻ ആറു വർഷം മുമ്പ് മരിച്ചു. ഇവരുടെ മകളായ സുധർമ്മയുടെ മക്കളാണ് അനിതയും സനിതയും. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് സുധർമ്മ. ഭർത്താവ് ശിവപ്രസാദാകട്ടെ ശാരീരിക പ്രശ്നങ്ങളുള്ള തൊഴിൽ രഹിതനും. ആനന്ദവല്ലിയമ്മയുടെ വീടിന് സമീപത്തെ രണ്ടു മുറികളുള്ള ഷീറ്റുമേഞ്ഞ ഷെഡിലാണ് സുധർമ്മ കഴിയുന്നത്. ഇവർ ഉപദ്രവിക്കുന്നത് പതിവായതോടെയാണ് കുട്ടികൾ മുത്തശ്ശിയുടെ വീട്ടിലേക്ക് മാറിയത്.

രണ്ടു കുടുസുമുറികൾ മാത്രമാണ് ഇവിടെയുള്ളത്. ജീർണിച്ച് നിലംപൊത്താറായ വീടിന്റെ മേൽക്കൂരയായി അവശേഷിക്കുന്നതാകട്ടെ അങ്ങിങ്ങായി ചില ഓടുകൾ മാത്രവും. ബാക്കിയുള്ള സ്ഥലങ്ങളിൽ പ്ളാസ്റ്റിക് ഷീറ്റ് ഉപയോഗിച്ചാണ് മറച്ചിരിക്കുന്നത്. വീട്ടിനുള്ളിൽ നിന്ന് നോക്കിയാൽ ആകാശം കാണാം. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യംപോലുമില്ല. മഴക്കാലമായതോടെ ഇവരുടെ ദുരിതം ഇരട്ടിയായി. പലപ്പോഴും ഉറങ്ങാതെയിരുന്നാണ് നേരം വെളുപ്പിക്കുന്നത്.

പഠനത്തിൽ സമർത്ഥരാണെങ്കിലും ഓൺലൈൻ പഠനത്തിനായുള്ള സൗകര്യം ഇവർക്കുണ്ടായിരുന്നില്ല. ഇതറിഞ്ഞ് കോൺഗ്രസ് കല്ലേലിഭാഗം മണ്ഡലം കമ്മിറ്റി ടെലിവിഷനും പഠനോപകരണങ്ങളും എത്തിച്ചുനൽകിയത് മാത്രമാണ് ഏക ആശ്വാസം. എന്നാൽ ചോർന്നൊലിക്കുന്ന കൂരയിൽ എങ്ങനെ ജീവീതം തള്ളിനീക്കുമെന്ന ആധിയാണ് ഇവരെ വലയ്ക്കുന്നത്. സർക്കാരിന്റെ ഭവന പദ്ധതി പ്രകാരം വീടിന് അപേക്ഷ നൽകിയിട്ടും ഇതുവരെയും അധികൃതർ കനിഞ്ഞിട്ടില്ല. സുമനസുകളുടെ കാരുണ്യത്തിൽ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഈ കുട്ടികൾ കഴിയുന്നത്.