harbur
ലേലം നടക്കാത്തതിനാൽ മത്സ്യത്തൊഴിലാളികൾ ഉപേക്ഷിച്ച മത്സ്യം

നിസഹായരായി മത്സ്യ തൊഴിലാളികൾ

ഓച്ചിറ: മത്സ്യവ്യാപാരികൾ ലേലം ബഹിഷ്ക്കരിച്ചതിനാൽ അഴീക്കൽ ഹാർബറിൽ മത്സ്യ തൊഴിലാളികൾ വിഷമാവസ്ഥയിൽ. ട്രോളിംഗ് നിരോധനം മൂലം നീണ്ടകര ഹാർബറിൽ വള്ളങ്ങൾ അടുക്കാത്തതിനാൽ സമീപ ജില്ലകളിൽ നിന്നുവരെയുള്ള വള്ളങ്ങൾ മത്സ്യം വിറ്റഴിക്കാനായി ആശ്രയിക്കുന്നത് അഴീക്കൽ ഹാർബറിനെയാണ്. നൂറുകണക്കിന് വള്ളങ്ങളാണ് ദിവസവും ഹാർബറിനെ ആശ്രയിക്കുന്നത്. മത്സ്യം ലോഡ് ചെയ്യുന്നതിന് മതിയായ സൗകര്യം ഇല്ലാത്തതിനാലാണ് മത്സ്യവ്യാപാരികൾ ലേലം ബഹിഷ്കരിച്ചത്. ഒരു നേരം നാലോ അഞ്ചോ വാഹനങ്ങളിൽ മാത്രം മത്സ്യം ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം മാത്രമാണ് ഹാർബറിലുള്ളത്. ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് മത്സ്യം കയറ്റുന്നതിനായി ഹാർബറിൽ എത്തുന്നത്. ഹാർബറിനകത്ത് പാർക്കിംഗ് സൗകര്യമില്ലാത്തതിനാൽ ലോഡ് ചെയ്യുന്നത് ഒഴിച്ച് ബാക്കി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഹാർബറിന് പുറത്താണ്.

ലേലം ബഹിഷ്ക്കരിക്കാൻ കാരണം

മത്സ്യം ലേലം പിടിച്ച വ്യാപാരികൾക്ക് മത്സ്യം ലോഡ് ചെയ്യുന്നതിന് മണിക്കൂറുകൾ കാത്തിരിക്കേണ്ടിവരും. ഇത് മത്സ്യം ചീത്തയാകുന്നതിന് കാരണമാകുന്നുണ്ട്. ഇതിനാലാണ് വ്യാപാരികൾ ലേലം ബഹിഷ്ക്കരിച്ചത്. ലേലത്തിൽ പിടിച്ച മത്സ്യം വള്ളത്തിൽ തന്നെ സ്വാകാര്യ കടവുകളിൽ കൊണ്ടുപോയി ലോഡ് ചെയ്യുന്നതിന് ഹാർബർ മാനേജ്മെന്റ് കമ്മിറ്റി അനുവാദം നൽകാത്തതും മത്സ്യ തൊഴിലാളികൾ ലേലം ബഹിഷ്കരിക്കാൻ കാരണമായി. യൂണിയൻ നേതാക്കളും രാഷ്ട്രീയക്കാരും ചേർന്നതാണ് ഹാർബർ മാനേജ്മെന്റ് കമ്മിറ്റി. കമ്മിറ്റിയുടെ പേരിൽ തീരുമാനങ്ങൾ എടുക്കുന്നത് സ്ഥലത്തെ ചില രാഷ്ട്രീയ നേതാക്കളാണ്. ഇവരുടെ ബിനാമികളാണ് ടോൾ ഗേറ്റ് ലേലം എടുത്തിരിക്കുന്നത്. മത്സ്യ തൊഴിലാളികൾ സ്വകാര്യ കടവുകളെ ലോഡിംഗിനായി ആശ്രയിച്ചാൽ ടോൾ ഗേറ്റിലെ വരുമാനം നഷ്ടമാകും. ഇതാണ് ഇവരുടെ എതിർപ്പിന് കാരണം.


അഴീക്കൽ ഹാർബറിൽ മത്സ്യം വാഹനങ്ങളിൽ കയറ്റുന്നതിനും കൂടുതൽ ബോട്ടുകൾ അടുക്കുന്നതിനുമാവശ്യമായ സൗകര്യ ഒരുക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ സർക്കാരിന് നൽകിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. എത്രയും പെട്ടെന്ന് ഹാർബറിൽ വികസന പ്രവർത്തനങ്ങൾ നടത്തണം.

ആർ. ബേബി, ആലപ്പാട് ഗ്രാമ പഞ്ചായത്തംഗം.

വ്യാപാരികളുടെ ആവശ്യം

ലോഡിംഗിലെ സമയനഷ്ടം ഒഴിവാക്കുന്നതിനായി ലേലത്തിന് ശേഷം സ്വകാര്യ കടവുകളിൽ കൊണ്ടുപോയി മത്സ്യം ലോഡ് ചെയ്യാൻ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. മത്സ്യം ലോഡ് ചെയ്യുന്നതിനായി കായലിന്റെ ഇരുവശങ്ങളിലുമായി നിരവധി സ്വകാര്യ കടവുകൾ നിലവിലുണ്ട്. ഇവിടെ നിന്ന് വളരെ എളുപ്പത്തിൽ മത്സ്യം ലോഡ് ചെയ്യാൻ സാധിക്കും.