phot
തെന്മല പഞ്ചായത്തിലെ ഒറ്റക്കല്ലിൽ കാട്ടാന നശിപ്പിച്ച കൃഷികൾ

പുനലൂർ: കിഴക്കൻ മലയോര മേഖലയിൽ വന്യമൃഗശല്യം രൂക്ഷമായതോടെ മലയോര കർഷകരും പ്രദേശവാസികളും കടുത്ത ഭീതിയിൽ. കഴിഞ്ഞ നാല് വർഷമായി വന്യമൃഗങ്ങൾ തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ വനാതിർത്തിയോട് ചേർന്ന ഭൂമിയിലെ കൃഷി വ്യാപകമായി നശിപ്പിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കാട്ടാന, കാട്ടു പന്നി, കാട്ടു കുരുങ്ങ് തുടങ്ങിയ വന്യമൃഗങ്ങളാണ് കാർഷിക വിളകൾ നശിപ്പിക്കുന്നത്. രണ്ട് ദിവസം മുമ്പ് ഒറ്റക്കല്ലിൽ ഇറങ്ങിയ കാട്ടാന വാഴ, അടയ്ക്ക, തെങ്ങ് ഉൾപ്പെടെയുളള കൃഷികൾ നശിപ്പിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കുറവൻതാവളത്ത് സ്ഥിരമായി കാട്ടാനയും പുലിയും ഇറങ്ങി കൃഷി നശിപ്പിക്കുന്നുണ്ട്. പശു, ആട്, വളർത്ത് നായ് ഉൾപ്പെടെയുള്ള മൃഗങ്ങളെ പുലി ആക്രമിക്കുന്നത് പതിവാണ്. പല സ്ഥലങ്ങളിലും പുലിയെ വീഴ്ത്താൻ കൂടും നിരീക്ഷിക്കാൻ കാമറകളും സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല.

ഇവിടെയാണ് വന്യ മൃഗങ്ങളുടെ ശല്യം വ്യാപകം

1. ആര്യങ്കാവ്

2. മുരുകൻ പാഞ്ചാലി

3. ആനച്ചാടി

4. ഇടപ്പാളം

5. നെടുമ്പാറ

6. വെഞ്ച്വ‌ർ

7. ഇരുളൻകാട്

8. 27മല

9. തെന്മല

10. ഒറ്റക്കൽ

11. പുളിമുക്ക്

12. ഒറ്റക്കൽ ളെയിൽവേ സ്റ്റേഷൻ

13. ലക്ഷം വീട്

14. പാറക്കടവ്

15. മമ്പഴത്തറ

16. കുറവൻതാവളം

17. ഉറുകുന്ന് ഐഷാപാലം

18. ആനപെട്ടകോങ്കൽ

19. അണ്ടൂർപച്ച

20. നെടുമ്പച്ച

21. തോണിച്ചാൽ

22. ചെറുതന്നൂർ

23. ചാലിയക്കര

24. ഔലപ്പാറ

25. ചെറുകടവ്

26. ഉപ്പുകുഴി

വന്യമൃഗങ്ങളുടെ ശല്യം വർദ്ധിക്കാൻ കാരണം

വനാതിർത്തിയോട് ചേർന്ന ആനപെട്ട കോങ്കൽ ഉൾപ്പെടെയുളള ജനവാസ മേഖലയിൽ സ്ഥാപിച്ചിരുന്ന സൗരോർജ്ജ വേലികൾ ഉപയോഗശൂന്യമായതും കിടങ്ങുകൾ എല്ലാത്തതുമാണ് വന്യമൃഗങ്ങളുടെ ശല്യം വർദ്ധിക്കാൻ കാരണം.

പുലി, ചെന്നായ്, കാട്ടാന

ജനങ്ങൾ ഭീതിയിൽ

പുലി, ചെന്നായ്, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങൾ നാട്ടിലിറങ്ങി വളർത്ത് മൃഗങ്ങളെ ആക്രമിക്കുന്നത് പതിവ് സംഭവമായി മാറിയിട്ടുണ്ട്. പട്ടാപ്പകൽ പോലും പുലി ഇറങ്ങുന്നത് കാരണം ജനങ്ങൾ കടുത്ത ഭീതിയിലാണ്. കഴിഞ്ഞ ആഴ്ചയിൽ തെന്മലയിലും ഇടപ്പാളയത്തും ഇറങ്ങിയ ചെന്നായ് രണ്ട് പേരെ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഇന്നലെയും തെന്മല സ്വദേശിയായ ഒരാൾക്ക് ചെന്നായയുടെ കടിയേറ്റ് പരിക്കേറ്റു.