കരുനാഗപ്പള്ളി: ഗാൽവൻ താഴ്വരയിൽ ചൈനീസ് സൈന്യത്തിന്റെ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് കോഴിക്കോട് ഗ്രാമം സ്മരണാഞ്ജലി അർപ്പിച്ചു. വെമ്പിളകാവ് ക്ഷേത്രം കേന്ദ്രമായി പ്രവർത്തിക്കുന്ന അനിൽ ഗ്രന്ഥശാല ആൻഡ് എസ്.എൻ ഇൻഫർമേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാ അങ്കണത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കോഴിക്കോട് പ്രദേശത്തെ മുതിർന്ന റിട്ട. പട്ടാളക്കാരൻ ശങ്കരപിള്ള വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിന്റെ ചിത്രത്തിന് മുന്നിൽ ദീപം തെളിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് ശശികുമാർ ഹയോക്‌സ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗ്രന്ഥശാലാ സെക്രട്ടറി ടി.വി. സനിൽ, കാട്ടൂർ ബഷീർ, മുനമ്പത്ത് ഷിഹാബ്, മുൻ പട്ടാള ഉദ്യോഗസ്ഥൻ വർഗീസ് ഡാനിയൽ, കൗൺസിലർമാരായ ജി. സാബു, മുനമ്പത്ത് ഗഫൂർ എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി. തുടർന്ന് നടന്ന സ്മരണാഞ്ജലിയിൽ റിട്ട. പട്ടാളക്കാരായ ബാലകൃഷ്ണൻ, സുധാകരൻ, ദിലീപ്, ഉമേഷ്, ചന്ദ്രബാബു, വനിതാ കമ്മിറ്റി വൈസ് പ്രസിഡന്റ് അമ്പിളി, സെക്രട്ടറി ബിന്ദു, ഗ്രന്ഥശാലാ ട്രഷറർ അശോകൻ അമ്മവീട്, ഭാരവാഹികളായ രലു, സന്തോഷ് കുമാർ ഡിജിറ്റൽ, അനീഷ്, ദീപക്ക്, ആദർശ്, കൃഷ്ണകുമാർ, ഷാനവാസ് പണിക്കർ തുടങ്ങിയവർ വീരമൃത്യു വരിച്ച ധീരജവാന്മാരുടെ ചിത്രത്തിന് മുന്നിൽ ദീപം തെളിച്ചു.