അഞ്ചാലുംമൂട്: അഞ്ചാലുംമൂട് മാർക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും ഹൈടെക് ആക്കുന്നതിനുമായുള്ള നിർമ്മാണ പ്രവർത്തങ്ങൾക്ക് തുടക്കമായി. നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് എഴുപത്തിയഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് ഹൈടെക്ക് മാർക്കറ്റിന്റെ ആദ്യഘട്ടം പൂർത്തീകരിക്കുക.
മാർക്കറ്റിന്റെ ശോച്യാവസ്ഥയെ സംബന്ധിച്ച് നിരവധി പരാതികൾ ഉയരുകയും 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ ബഡ്ജറ്റിൽ കോർപ്പറേഷൻ തുക അനുവദിക്കുകയായിരുന്നു. മേയർ ഹണി ബഞ്ചമിൻ തറക്കല്ലിടൽ കർമ്മം നിർവഹിച്ചു. പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മേയർ അറിയിച്ചു. ഡെപ്യൂട്ടി മേയർ ഗീതാകുമാരി അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ എം.എസ്. ഗോപകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ടി.ആർ. സന്തോഷ് കുമാർ, ചിന്ത എൽ. സജിത്ത് എന്നിവർ പങ്കെടുത്തു.