കൊട്ടാരക്കര: മാപ്പിള ലഹളയുടെ പേരിൽ വീണ്ടും വിവാദങ്ങളുണ്ടാക്കി പ്രവാസികളുടെ വിഷയങ്ങൾ മറയ്ക്കാൻ ബോധപൂർവമായ ശ്രമം മുഖ്യമന്ത്രി നടത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. കൊട്ടാരക്കരയിൽ ബി.ജെ.പി നഗരസഭാ കമ്മിറ്റിയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടപൊരുതിയ നായകനെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത്. ഹാജിയെ വിപ്ളവകാരിയാക്കുന്നത് മുസ്ളീം വോട്ടുബാങ്കിനെ ലക്ഷ്യമിട്ടാണെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി. ബി.ജെ.പി നഗരസഭാ കമ്മിറ്റി പ്രസിഡന്റ് അനീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, മുൻ പ്രസിഡന്റ് ജി. ഗോപിനാഥ്, നിയോജക മണ്ഡലം പ്രസിഡന്റ് വയയ്ക്കൽ സോമൻ, ആർ. ദിവാകരൻ, ഡോ. എൻ.എൻ. മുരളി, കെ.ആർ. രാധാകൃഷ്ണൻ, രാജീവ്, അബീഷ്, രാജഗോപാൽ, അമ്പിളി എന്നിവർ പങ്കെടുത്തു.