കുണ്ടറ: കുണ്ടറ കൊലപാതകത്തിലെ പ്രതികളായ പ്രജീഷിന്റെയും ബിന്റോയുടെയും വീടുകൾ അക്രമിസംഘം തല്ലിത്തകർത്തു. കൊലപാതകത്തെ തുടർന്ന് പ്രജീഷിന്റെ കുടുംബാംഗങ്ങൾ വീട്ടിൽ നിന്ന് മാറിയിരുന്നു. ബൈക്കുകളിലെത്തിയ സംഘം വീടിന്റെ വാതിൽ തല്ലിപ്പൊളിച്ച് അകത്തുകയറി വീട്ടുസാധനങ്ങൾ തകർക്കുകയായിരുന്നു. ബിന്റോയുടെ വീട്ടിൽ അമ്മ മാത്രമാണുണ്ടായിരുന്നത്. ഇവരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയശേഷമാണ് ആക്രമണം നടത്തിയത്.
കൊട്ടാരക്കര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം അക്രമികൾക്കായി രാത്രി വൈകിയും തെരച്ചിൽ നടത്തുകയാണ്. സമീപത്തെ സി.സി.ടി.വി കാമറാ ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുന്നുണ്ട്.
പ്രതികളെ തെളിവെടുപ്പിനെത്തിക്കുമ്പോൾ ആക്രമണമുണ്ടാകുമെന്ന് പൊലീസ് പ്രതീക്ഷിച്ചിരുന്നു. സ്‌പെഷ്യൽ ബ്രാഞ്ചിന്റെ അറിയിപ്പിനെ തുടർന്ന് തെളിവെടുപ്പ് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.