കൊല്ലം: കൊവിഡ് ദുരിതങ്ങൾക്കിടെ ജീവിതമാർഗം നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനെത്തുമ്പോൾ സംഘടിതമായി തടയുകയും അപമാനിക്കുകയും ചെയ്യുന്ന സംഭവങ്ങളേറുന്നു. പ്രവാസികളെ അപമാനിക്കുന്നവർക്കെതിരെ നിയമ നടപടിയുണ്ടാകുമെന്ന ജില്ലാ കളക്ടറുടെ മുന്നറിയിപ്പ് അവഗണിച്ചാണ് പല ഭാഗങ്ങളിലും ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്.
ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്നവരിൽ ഭൂരിപക്ഷത്തിനും നിരീക്ഷണ കേന്ദ്രങ്ങളിൽ സൗജന്യ താമസം ലഭിച്ചിട്ടില്ല. സുമനസുകളുടെ കരുണയിൽ വിമാന ടിക്കറ്റെടുത്ത് നാട്ടിലെത്തുന്നവർക്ക് വൻ തുക മുടക്കി സർക്കാർ നിർദ്ദേശിക്കുന്ന ഹോട്ടലുകളിൽ തങ്ങാനുള്ള ശേഷിയുമില്ല. വീട്ടിലുള്ളവരെ ബന്ധുവീടുകളിലേക്ക് മാറ്റിയ ശേഷമാണ് പലരും ഹോം ക്വാറന്റൈനിൽ കഴിയുന്നത്. ഇങ്ങനെ എത്തുന്നവരെ സ്വന്തം വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ അനുവദിക്കില്ലെന്ന നിലപാടെടുക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ അധികൃതരും തയ്യാറാകുന്നില്ല. നിരീക്ഷണത്തിൽ കഴിയുന്നവരെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപമാനിക്കുന്നവരും ധാരാളമുണ്ട്.
അയൽ വീട്ടിൽ നിന്ന് കൊവിഡ് ഇങ്ങോട്ട് വരില്ല
പൊതുഇടങ്ങളിലെ ആൾക്കൂട്ടങ്ങളിൽ കൊച്ചുകുട്ടികളുമായി ചുറ്റി തിരിയുന്നവരുടെ എണ്ണം കൂടുതലാണിപ്പോൾ. സാമൂഹിക അകലം പാലിക്കാതെ, ശരിയായ തരത്തിൽ മാസ്ക് ധരിക്കാതെ ഇടയ്ക്കിടെ കൈ കഴുകാതെ പൊതു ഇടങ്ങളിൽ ഇടപഴകുമ്പോൾ ഇല്ലാത്ത ഭയം അയൽവീട്ടിൽ ഒരു പ്രവാസി നിരീക്ഷണത്തിൽ കഴിയുന്നതിൽ ഉണ്ടാകേണ്ടതില്ല. പ്രവാസികൾ വീടിനുള്ളിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയുന്നത് സമൂഹ നന്മയ്‌ക്കായാണ്. പൊതു ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കാതെ ഇടപെടുന്നവരെയാണ് ഭയക്കേണ്ടത്.
കൂടുതൽ പ്രവാസികളെത്തും
ആറായിരത്തോളം പ്രവാസികളാണ് കഴിഞ്ഞ ഒന്നര മാസത്തിനിടെ ജില്ലയിൽ വീടുകളിലേക്ക് മടങ്ങിയെത്തിയത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 17,000 ഓളം പേരുമെത്തി. വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങുന്നവരുടെ എണ്ണം വരും ദിവസങ്ങളിൽ വർദ്ധിക്കും. അവരിൽ പലരും നമ്മുടെ അയൽവാസികളും ബന്ധുക്കളുമാകാം. സർക്കാർ കണക്കനുസരിച്ച് 22 വരെ 296 മലയാളികയാണ് വിദേശ രാജ്യങ്ങളിൽ കൊവിഡ് ബാധിച്ച് മരിച്ചത്. പ്രിയപ്പെട്ടവർക്കരികിലേക്ക് ജീവൻ മുറുകെ പിടിച്ച് മടങ്ങി വരുന്നവരെ ജന്മനാട്ടിൽ അപമാനിക്കുന്ന മനോഭാവം തിരുത്തിയേ മതിയാകൂ.
......................
1. അയൽവീട്ടിൽ ഒരാൾ നിരീക്ഷണത്തിൽ കഴിയുന്നതിനെ ഭയക്കേണ്ടതില്ല
2. നിരീക്ഷണത്തിൽ കഴിയുന്നവർക്കെല്ലാം കൊവിഡ് ഉണ്ടെന്നല്ല അർത്ഥം.
3. നിരീക്ഷണം ഒരു പ്രതിരോധ നടപടി മാത്രമാണ്
4.. വായുവിലൂടെ പകരുന്ന രോഗമല്ല കൊവിഡ്, അടുത്ത സമ്പർക്കത്തിലൂടെ മാത്രമേ പകരൂ
5. സമൂഹത്തിന്റെ നന്മയ്ക്കായാണ് പ്രവാസികൾ നിരീക്ഷണത്തിൽ കഴിയുന്നത്.
6.പ്രവാസികളെ അപമാനിച്ചാൽ പൊലീസ് അറസ്റ്റ് ചെയ്യും.
7. പ്രവാസികളോടും അവരുടെ കുടുംബത്തോടും കരുതലോടെ ഇടപടുക
8. കൊവിഡ് പ്രതിരോധത്തിനായി സാമൂഹിക അകലവും വ്യക്തി ശുചിത്വവും പാലിക്കുക
...........................................
'നിരീക്ഷണത്തിൽ കഴിയാൻ എത്തുന്ന പ്രവാസികളെ അപമാനിക്കുകയും അപഹസിക്കുകയും ചെയ്യുന്നവർക്കെതിരെ നിയമ നടപടി ഉണ്ടാകും"
ബി.അബ്ദുൽനാസർ, ജില്ലാ കളക്ടർ