ഇനിമുതൽ വിളക്കിടൽ ഓവർസിയർമാരുടെ സാന്നിദ്ധ്യത്തിൽ
കൊല്ലം: പുതിയ തെരുവ് വിളക്കുകൾ പോലും ഇടുന്നതിന്റെ തൊട്ടടുത്ത ദിവസം അണയുന്നതിന്റെ കാരണം ഒടുവിൽ നഗരസഭയ്ക്ക് പിടികിട്ടി. നഗരസഭ നൽകുന്ന പുതിയ ലൈറ്റുകൾക്ക് പകരം പഴയവ അറ്റകുറ്റപ്പണി നടത്തി ഇടുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ഏറെക്കാലമായി നടക്കുന്ന ഈ തട്ടിപ്പ് തടയാൻ തെരുവ് വിളക്ക് പരിപാലനത്തിന്റെ മേൽനോട്ടത്തിന് ഓവർസിയർമാരെക്കൂടി ചുമതലപ്പെടുത്തി. നഗരസഭയിൽ നിന്ന് നൽകുന്ന പുതിയ തെരുവ് വിളക്കുകൾ തന്നെയാണോ പോസ്റ്റുകളിൽ സ്ഥാപിക്കുന്നത് എന്ന് ഉറപ്പാക്കുകയാണ് ഓവർസിയർമാരുടെ പ്രധാന ചുമതല.
പുതിയ ലൈറ്റുകൾ മറിച്ച് വിറ്റ് പഴയ ലൈറ്റുകളാണ് നഗരത്തിൽ സ്ഥാപിക്കുന്നതെന്ന് ഏറെക്കാലമായി ആരോപണമുണ്ടായിരുന്നു. പക്ഷെ നിരീക്ഷിക്കാനോ തടയാനോ നഗരസഭാധികൃതർ തയ്യാറായിരുന്നില്ല. ഭരണപക്ഷത്ത് നിന്നുതന്നെ അടുത്തിടെ ശക്തമായ ആരോപണം ഉയർന്നതോടെയാണ് മരാമത്ത് സ്ഥിരം സമിതി പുതിയ പരിഷ്കാരം കൊണ്ടുവന്നത്.
പരിപാലനത്തിന് പുതിയ നിർദ്ദേശങ്ങൾ
നേരത്തെ പുതിയ തെരുവ് വിളക്കുകൾ കരാറുകാരന് നേരിട്ട് കൈമാറുകയായിരുന്നു. ഈയാഴ്ച മുതൽ പുതിയ തെരുവ് വിളക്കുകളിൽ നമ്പർ രേഖപ്പെടുത്തും. ഓരോ പോസ്റ്റിലും സ്ഥാപിക്കുന്ന ലൈറ്റിന്റെ നമ്പർ രജിസ്റ്ററിൽ രേഖപ്പെടുത്തും. ആഴ്ചയിലൊരിക്കൽ പോസ്റ്റുകൾ പരിശോധിച്ച ലൈറ്റുകൾ മാറ്റിയിട്ടുണ്ടോയെന്നും നിരീക്ഷിക്കും. നേരത്തെ പോസ്റ്റുകളിൽ നിന്ന് ഇളക്കിമാറ്റുന്ന തകരാറിലായ തെരുവ് വിളക്കുകളുടെ കാര്യത്തിലും കൃത്യമായ കണക്കില്ലായിരുന്നു. ഇനിമുതൽ രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷമേ തകരാറിലായ സാധനങ്ങൾ കരാറുകാരന്റെ ഗോഡൗണിലേക്ക് കൊണ്ടുപോകാൻ അനുവദിക്കു.
'' ഓവർസിയർമാരുടെ സാന്നിദ്ധ്യത്തിൽ പുതിയ തെരുവ് വിളക്കുകൾ സ്ഥാപിച്ച് തുടങ്ങി. ഒരു ദിവസം കുറഞ്ഞത് നാല് ഡിവിഷനിലെങ്കിലും തെരുവ് വിളക്ക് പരിപാലനം നടക്കുന്നുണ്ട്. ഒരു ഡിവിഷനിൽ കുറഞ്ഞത് 50 പുതിയ ലൈറ്റുകൾ ഇടുന്നുണ്ട്. അറ്റകുറ്റപ്പണി നടത്തിയ കേടായവയും തെളിയിക്കുന്നു"
ചിന്ത എൽ. സജിത്ത് (മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ)