nut

കൊല്ലം: ഉണക്കപ്പരിപ്പ്, പഴവർഗ്ഗ മേഖലയ്ക്ക് കൊവിഡ് കാലം ഗുണകരമാകുമെന്ന് വിലയിരുത്തൽ. കൊവിഡ് ഭീഷണിയിൽ ആളുകൾ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്താനും സസ്യാധിഷ്ഠിത പ്രോട്ടീന് മുൻതൂക്കം കൊടുക്കാനും തുടങ്ങിയതാണ് നേട്ടത്തിന് കാരണം. ഇന്റർനാഷണൽ നട്ട്സ് ആൻഡ് ഡ്രൈ ഫ്രൂട്ട്സ് കൗൺസിൽ (ഐ.എൻ.സി) 75 രാജ്യങ്ങളിൽ നിന്നുള്ള 1500 വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് നടത്തിയ രാജ്യാന്തര വെബിനാറിൽ നിന്നാണ് ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്.

ട്രീനട്ടുകളുടെ കാര്യത്തിൽ ലോകത്താകെ കഴിഞ്ഞ സീസണിനെക്കാൾ 16 ശതമാനം വിളവ് വർദ്ധനയാണ് കണക്കാക്കുന്നത്. 73000 മെട്രിക് ടണ്ണായിരിക്കും വർദ്ധന. പൈൻ നട്ട്, പിസ്ത, ബദാം തുടങ്ങിയവയുടെ കാര്യത്തിൽ വർദ്ധനയുണ്ടാകുമ്പോൾ കശുഅണ്ടി, വാൾനട്ട്, ബ്രസീൽ നട്ട് തുടങ്ങിയവ നിലവിലെ വിളവ് തന്നെ നിലനിർത്തും. 2020- 21 വർഷം 3 ദശലക്ഷം മെട്രിക് ടൺ ഉണക്കപ്പഴവർഗ്ഗങ്ങൾ ഉല്പാദിപ്പിക്കാൻ കഴിയുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കപ്പലണ്ടിയുടെ ഉല്പാദനം 46.1 ദശലക്ഷം മെട്രിക് ടണ്ണായി ഉയരും. ഉപഭോക്താക്കളുടെ താത്പര്യങ്ങളിൽ വലിയ മാറ്റം വന്നതിനാൽ ഉല്പാദനത്തിനും വിപണനത്തിനും പുതിയ മാർഗങ്ങൾ കണ്ടെത്തേണ്ടതിനെക്കുറിച്ച് വെബിനാർ ചർച്ച ചെയ്തു.