court

കൊല്ലം. സംസ്ഥാനത്ത് 17 അതിവേഗ പോക്സോ കോടതികൾ ജൂലായ് 1 മുതൽ പ്രവർത്തനം ആരംഭിക്കും. ഇതു സംബന്ധിച്ച് അടിയന്തര നടപടികൾ സ്വീകരിക്കാൻ ജില്ലാ കോടതികൾക്കും ജില്ലാ ജഡ്ജിമാർക്കും ഹൈക്കോടതി നിർദ്ദേശം നൽകി. കെട്ടിക്കിടക്കുന്ന പോക്‌സോ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ രണ്ടുവർഷത്തേയ്ക്കാണ് ആദ്യം കോടതികൾ തുടങ്ങുന്നത്. ആവശ്യമെങ്കിൽ ഇവയുടെ പ്രവർത്തനം തുടരും.

ഓരോ കോടതിയും ഒരു മാസം കുറഞ്ഞത് 15 കേസുകളെങ്കിലും തീർപ്പാക്കണം. 2012 ലെ പോക്‌സോ ആക്ട് പ്രകാരമുള്ള കോടതികളാണെങ്കിലും തീർപ്പാകാതെ കിടക്കുന്ന മറ്റ് പീഡന കേസുകളും ഇവ പരിഗണിക്കും. അതിവേഗ പോക്‌സോ കോടതികളിൽ കേസുകൾ ഫയൽ ചെയ്യാനാവില്ല. പ്രിൻസിപ്പൽ സെഷൻസ് കോടതികളിൽ ഫയൽ ചെയ്യുന്ന കേസുകളാകും നടപടിക്രമങ്ങളിലൂടെ അതിവേഗക്കോടതികളിലേക്ക് മാറ്റുക. പോക്‌സോ കേസുകൾ ആദ്യവും അത് തീരുന്ന മുറയ്ക്ക് മറ്റ് പീഡന കേസുകളും അതിവേഗക്കോടതികൾ പരിഗണിക്കും.

കോടതികൾ ഇവിടെയൊക്കെ

ആറ്റിങ്ങൽ, കരുനാഗപ്പള്ളി, പത്തനംതിട്ട, ഹരിപ്പാട്, കോട്ടയം, ചങ്ങനാശേരി, കട്ടപ്പന, ഇടുക്കി പൈനാവ്, പെരുമ്പാവൂർ, കുന്നംകുളം, പട്ടാമ്പി, പെരിന്തൽമണ്ണ, കോഴിക്കോട്, കൊയിലാണ്ടി, കൽപ്പറ്റ, തലശ്ശേരി, തളിപ്പറമ്പ്.