paddy

 ജില്ലയ്ക്ക് 148 കോടിയുടെ പദ്ധതി

കൊല്ലം: ഭക്ഷ്യോൽപ്പാദനത്തിൽ സ്വയം പര്യാപ്‌തത കൈവരിക്കാനുള്ള സുഭിക്ഷകേരളം പദ്ധതി നടപ്പാക്കാൻ കൊല്ലം കോർപ്പറേഷൻ ഉൾപ്പെടെ 17 തദ്ദേശ സ്ഥാപനങ്ങൾ സമർപ്പിച്ച പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. ഇതോടെ ജില്ലയിലെ 85 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സുഭിക്ഷകേരളം പദ്ധതി പ്രോജക്ടുകൾക്ക് അംഗീകാരം നേടി. 148 കോടി രൂപയുടെ പ്രോജക്ടുകളാണ് ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങൾ 2020- 21 വർഷത്തെ ഉൽപ്പാദന മേഖലയിൽ ഏറ്റെടുത്തിരിക്കുന്നത്.

തദ്ദേശഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്ത പ്രോജക്‌ടുകളുടെ നിർവഹണ പുരോഗതി വിലയിരുത്താനുള്ള ബ്ലോക്കുതല അവലോകന യോഗം ജൂലായ് ആദ്യവാരം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.ജെ. ആമിന, ആസൂത്രണ സമിതി അംഗങ്ങൾ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

 ജില്ലയിൽ 1577.13 ഹെക്ടറിൽ കൃഷി

ജില്ലയിൽ കൃഷിക്ക് അനുയോജ്യമെന്ന് കണ്ടെത്തിയ 1909.36 ഹെക്ടർ തരിശു ഭൂമിയിൽ 1577.13 ഹെക്ടറിൽ വിവിധ കൃഷി ചെയ്യാനുള്ള പ്രോജക്ടുകൾ തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഏകദേശം 2500 കിസാൻ ക്രെഡിറ്റ് കാർഡ് അനുവദിച്ചു. ഒരുകോടി ഫലവൃക്ഷത്തൈ വിതരണത്തിന്റെ ഒന്നാം ഘട്ടമായി നാലു ലക്ഷത്തിൽപ്പരം തൈകൾ വിതരണം ചെയ്തു. രണ്ടാംഘട്ട വിതരണ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

കൊല്ലം നഗരസഭയിലെ പദ്ധതികൾ

കൊല്ലം നഗരസഭയിൽ 229.71 ലക്ഷം രൂപയുടെ പ്രോജക്‌ടുകളാണ് സുഭിക്ഷകേരളം പദ്ധതിക്കായി പ്രത്യേകം ഏറ്റെടുത്തത്. 60 ഹെക്ടർ തരിശുഭൂമിയിൽ കൃഷിക്കായി 36 ലക്ഷം രൂപയും 5500 ഗുണഭോക്താക്കൾക്ക് മുട്ടക്കോഴി വിതരണത്തിനായി 59.49 ലക്ഷം രൂപയും ഉൾപ്പെടുത്തി.കൂടാതെ നെല്ല്, പച്ചക്കറി, വാഴ, പയർ വർഗ്ഗങ്ങൾ, കിഴങ്ങുവിളകൾ എന്നിവയുടെ കൃഷി, മിനി ഡയറി യൂണിറ്റ് ആധുനികവത്കരണം, വീട്ടുവളപ്പിലെ കുളങ്ങളിലെ മത്സ്യകൃഷി എന്നിവയ്ക്കായും പ്രത്യേകം പ്രോജക്ടുകൾ ഏറ്റെടുത്തിട്ടുണ്ട്.

മറ്റ് പദ്ധതികൾ

01. കാർഷിക മേഖല: 143.01 ലക്ഷം

02. മൃഗസംരക്ഷണ മേഖല: 59.40 ലക്ഷം

03. ക്ഷീരവികസന മേഖല: 15 ലക്ഷം,

04. മത്സ്യവികസനത്തിന്: 12.30 ലക്ഷം