കുണ്ടറ പള്ളിമുക്കിൽ റെയിൽവേ മേല്പാലവും ഫ്ലൈ ഓവറും നിർമ്മിക്കാൻ 166.85 കോടി
കൊല്ലം: കോയിക്കൽ - കരിക്കോട് പാത വികസനം, കുണ്ടറ പള്ളിമുക്ക് മേൽപ്പാലം, ഫ്ലൈഓവർ നിർമ്മാണം എന്നിവയുടെ കാലതാമസം ഒഴിവാക്കാൻ രണ്ട് ഭാഗങ്ങളാക്കി ഒരേ സമയം നിർമ്മാണം ആരംഭിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. പാത വികസനം, ഫ്ലൈ ഓവർ നിർമ്മാണം, റെയിൽവേ മേൽപ്പാലം എന്നിവയുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കോയിക്കൽ - കരിക്കോട് ജംഗ്ഷൻ വരെയുള്ള പാത നാലുവരിയാക്കുന്നതിന് 280.15 കോടി രൂപയുടെ എസ്റ്റിമേറ്റും കുണ്ടറ പള്ളിമുക്കിൽ പുതിയ റെയിൽവേ മേല്പാലവും ഫ്ലൈ ഓവറും നിർമ്മിക്കാൻ 166.85 കോടി രൂപയുടെ എസ്റ്റിമേറ്റുമാണ് തയ്യാറാക്കിയത്. കിഫ്ബി ഫണ്ട് ലഭ്യമാക്കി പദ്ധതി പൂർത്തീകരിക്കും.
ദേശീയപാതയുടെ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുണ്ടറ പള്ളിമുക്ക് ജംഗ്ഷനിലെ ഫ്ലൈഓവർ, റെയിൽവേ മേൽപ്പാലം എന്നിവ ഒരു ഭാഗവും കോയിക്കൽ ജംഗ്ഷൻ മുതൽ കരീക്കോട് വരെയുള്ള നാലുവരിപ്പാത മറ്റൊരു ഭാഗവുമായാണ് തിരിച്ചിട്ടുള്ളത്.
പണി വേഗത്തിലാക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കും. തീരദേശവികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഷേഖ് പരീത്, ദേശീയപാത സൂപ്രണ്ടിംഗ് എൻജിനീയർ ജി. ഉണ്ണിക്കൃഷ്ണൻ, കൊല്ലം ടി.കെ.എം എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ടി.എ. ഷാഹുൽ ഹമീദ് തുടങ്ങിയവർ അംഗങ്ങളാണ്.
കാലതാമസം ഒഴിവാക്കാൻ ഇൻവെസ്റ്റിഗേഷൻ വർക്കുകളുടെ ടെൻഡർ നടപടി പൂർത്തീകരിച്ച് ടെൻഡർ ചെയ്യും. കരാർ ഏറ്റെടുക്കുന്ന കൺസൾട്ടൻസികളിൽ നിന്ന് ഒരു മാസത്തിനകം റിപ്പോർട്ട് ശേഖരിച്ച് വിശദ പദ്ധതിരേഖ തയ്യാറാക്കും.
മേൽപ്പാലത്തിന്റെ ഡിസൈൻ ചുമതല പൊതുമരാമത്ത് ഡിസൈൻ വിഭാഗത്തിനാണ്. റോഡുകളുടെ ഡിസൈൻ പ്രോജക്ട് പ്രിപ്പറേഷൻ യൂണിറ്റും തയ്യാറാക്കും. ഡിസൈൻ തയ്യാറാക്കുന്നതിന് കൊല്ലം ടി.കെ.എം എൻജിനീയറിംഗ് കോളേജിന്റെ സഹായം ആവശ്യമെങ്കിൽ തേടും.