ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിന്റെ വിവിധ മേഖലകളിൽ കന്നുകാലികൾക്കിടയിൽ പുതിയ തരം ത്വക്ക് രോഗം പടരുന്നു. ചർമ്മ മുഴ വൈറസ് രോഗമാണിതെന്നാണ് പ്രാഥമിക നിഗമനം. മൈനാഗപ്പള്ളി, ഇടവനശ്ശേരി, വേങ്ങ, സിനിമാ പറമ്പ് , പോരുവഴി തുടങ്ങിയ മേഖലകളിലെ കന്നുകാലികൾക്കിടയിലാണ് രോഗം വ്യാപിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് ആലപ്പുഴ ജില്ലയുടെ വടക്കൻ മേഖലകളിൽ പ്രത്യക്ഷപ്പെട്ട രോഗം തെക്കൻ മേഖലകളിലേക്കും കൊല്ലം ജില്ലയിലേക്കും വ്യാപിക്കുകയാണ്. പശുക്കളുടെ തൊലിപ്പുറത്ത് ചെറിയമുഴകൾ രൂപപ്പെട്ട് ഇത് ശരീരമാകെ വ്യാപിക്കുകയാണ്. ഈച്ചകളാണ് രോഗവ്യാപനം നടത്തുന്നതെന്നും തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നു.