# 67.67 കോടി രൂപയുടെ വികസനം
# 233 കിടക്കകളുള്ള വാർഡ്
# 200 കാറുകൾക്ക് പാർക്കിംഗ് സൗകര്യം
# പഴയ രണ്ട് കെട്ടിടങ്ങളൊഴികെ മറ്റെല്ലാം പൊളിച്ച് നീക്കും
കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കാശുപത്രി അത്യാധുനിക സംവിധാനങ്ങളുള്ള ആശുപത്രിയാക്കി ഉയർത്താൻ പദ്ധതി തയ്യാറായി. നിർമ്മാണ ജോലികൾ ജൂലായ് രണ്ടാംവാരം തുടങ്ങും. കിഫ്ബിയിൽ നിന്നനുവദിച്ച 67.67 കോടി രൂപയുടേതാണ് വികസന പദ്ധതികൾ. അഡ്മിനിസ്ട്രേഷൻ ബ്ളോക്ക്, ഡയഗ്നോസ്റ്റിക് ബ്ളോക്ക്, വാർഡ് ടവർ എന്നീ ബഹുനില കെട്ടിടങ്ങളാണ് നിർമ്മിക്കുന്നത്. 233 കിടക്കകളുള്ള വാർഡാണ് നിർമ്മിക്കുക. പഴയ രണ്ട് കെട്ടിടങ്ങളൊഴികെ മറ്റെല്ലാ കെട്ടിടങ്ങളും പൊളിച്ച് നീക്കും. പൊളിച്ച് നീക്കാനായി 13 ലക്ഷം രൂപയുടെ ടെണ്ടറായിട്ടുണ്ട്. ഓഫീസ് ബ്ളോക്ക് പ്രവേശന കവാടത്തിന്റെ ഭാഗത്തേക്ക് മാറും. പുതുതായി രണ്ട് പ്രവേശന കവാടങ്ങളും ആംബുലൻസുകൾക്ക് മാത്രമായി പ്രത്യേക പ്രവേശന കവാടവുമൊരുക്കും. 200 കാറുകൾക്ക് പാർക്കിംഗ് സൗകര്യവുമുണ്ടാകും. എട്ട് ലിഫ്റ്റുകൾ ക്രമീകരിക്കും. സാനിട്ടേഷൻ, ഓർഗാനിക് വേസ്റ്റ് കൺവർഷൻ, സീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ്, ഫയർ ഫൈറ്റിംഗ് സിസ്റ്റം എന്നിവയും ഇതിന്റെ ഭാഗമായുണ്ടാകും. കെ.എസ്.ഇ.ബി സിവിൽ വിഭാഗത്തിനാണ് നിർമ്മാണ ചുമതല. സിവിൽ വർക്കുകൾക്കായി 64.32 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തിനായി കൂടുതൽ തുക ലഭിക്കും.
അപകടത്തിൽപ്പെടുന്നവർക്ക് മെച്ചപ്പെട്ട ചികിത്സ
കൊല്ലം - തിരുമംഗലം ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന കൊട്ടാരക്കരയിൽ താരതമ്യേന വാഹനാപകടങ്ങൾ കൂടുതലാണ്. ചെറിയ അപകടങ്ങളിൽപ്പെടുന്നവരെപ്പോലും മെഡിക്കൽ കോളേജ് ആശുപത്രികളിലേക്ക് റഫർ ചെയ്യാറാണ് പതിവ്. പുതിയ സംവിധാനങ്ങൾ എത്തുന്നതോടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും. ട്രോമോകെയർ യൂണിറ്റ് പൂർണ സജ്ജമായിട്ടുണ്ട്. കൊവിഡുമായി ബന്ധപ്പെട്ട് ഹോട്ട് സ്പോട്ടുകളിൽ നിന്ന് വരുന്ന രോഗികൾക്കായി പ്രത്യേക ഓപ്പറേഷൻ തിയേറ്ററും ലേബർ റൂമും സജ്ജീകരിച്ചിട്ടുണ്ട്. 1.98 കോടി രൂപ മുടക്കി സ്ഥാപിച്ച സി.ടി സ്കാൻ യൂണിറ്റും പ്രവർത്തനം തുടങ്ങി.
'ആരോഗ്യ മന്ത്രിയുടെ സമയം ലഭിക്കുന്ന മുറയ്ക്ക് ജൂലായ് രണ്ടാം വാരത്തിനുള്ളിൽ നിർമ്മാണോദ്ഘാടനം നടത്തും"
പി.ഐഷാപോറ്റി എം.എൽ.എ