police

കൊല്ലം: കൊല്ലത്ത് കൊലപാതകങ്ങളും ഗുണ്ടാ ആക്രമണവും ക്വട്ടേഷൻ പ്രവർത്തനങ്ങളും വർദ്ധിച്ച സാഹചര്യത്തിൽ ഇത് നിയന്ത്രിക്കാൻ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം നടപ്പാക്കുന്നു. രണ്ടാഴ്ചയ്ക്കിടെ രണ്ട് കൊലപാതകങ്ങളും മറ്റ് അക്രമങ്ങളും അരങ്ങേറിയ പശ്ചാത്തലത്തിലാണ് പൊലീസിന്റെ നീക്കം. സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾക്കെതിരെയുളള കുറ്റപത്രങ്ങൾ വേഗത്തിൽ സമർപ്പിക്കാൻ നടപടി സ്വീകരിക്കും. കൂടാതെ ഇവർക്കെതിരെ കാപ്പ നിയമപ്രകാരവും കേസെടുക്കും. ഇതു സംബന്ധിച്ച നടപടിയ്ക്കായി കളക്ടർക്കും സർക്കാരിനും റിപ്പോർട്ട് കൈമാറിക്കഴിഞ്ഞു.


പ്രശ്‌ന മേഖലകൾ കണ്ടെത്തി


കൊല്ലം സിറ്റി പൊലീസിന്റെ പരിധിയിൽ ഗുണ്ട, ക്വട്ടേഷൻ സംഘ പ്രവർത്തനങ്ങളുള്ള കേന്ദ്രങ്ങളെയും വ്യക്തികളെയും ഇതിനകം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒട്ടേറെ പേർ നിരീക്ഷണത്തിലുമാണ്. വൈകിട്ട് ആറിനും രാത്രി 12 നും ഇടയിലാണ് ഏറ്റവും കൂടുതൽ പ്രശ്‌നങ്ങളുണ്ടാകുന്നതെന്നും സംഘങ്ങൾ കൂടിചേരുന്നതെന്നും രഹസ്യാന്വേഷണ സംഘങ്ങൾ കമ്മിഷണർക്ക് റിപ്പോർട്ട് നൽകി. ഈ പ്രദേശങ്ങളെ ആറു മേഖലകളാക്കി തിരിക്കുകയും ഓരോ എസ്.ഐമാരുടെ നേതൃത്വത്തിൽ നിരീക്ഷിക്കാനും ഏർപ്പാടാക്കിയിട്ടുണ്ട്. എവിടെ പ്രശ്‌നമുണ്ടായാലും അതിനുത്തരവാദി ചുമതലയുള്ള ഉദ്യോഗസ്ഥനായിരിക്കും. അതിനാൽ അതീവ ജാഗ്രതയോടെയാണ് രഹസ്യ നിരീക്ഷണം തുടരുന്നത്. ഇത് ഗുണകരമാണെന്ന് തോന്നിയതിനാൽ മേഖലാ സംഘങ്ങളുടെ പ്രവർത്തനങ്ങൾ തുടർച്ചയായി ഉണ്ടാകും. മഫ്ത്തിയിലുളള ഷാഡോ പൊലീസ് അപ്പപ്പോൾ തൊട്ടുമുകളിലുളള ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ കൈമാറുന്നുണ്ട്.


മൊബൈൽ നിരീക്ഷണം


ഗുണ്ട, ക്വട്ടേഷൻ സംഘങ്ങളുടെ മൊബൈലുകൾ കേന്ദ്രീകരിച്ചും പൊലീസ് നിരീക്ഷണവും പരിശോധനകളും നടക്കുന്നുണ്ട്. ഗുണ്ട നേതാക്കളുടെയും സംഘങ്ങളുടെയും മൊബൈൽ ഫോൺ വിളികൾ പൊലീസ് സൈബർ സെൽവഴി റെക്കോർഡ് ചെയ്യുന്നുണ്ട്. പഴയ ഗുണ്ടകൾ, കൂലിത്തല്ലുകാർ, ജയിലിൽ നിന്നിറങ്ങിയവർ, എന്നിവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക നിഴൽ പൊലീസിനെയും പലേടത്തും വിന്യസിച്ചിട്ടുണ്ട്.


'ക്വട്ടേഷൻ, ഗുണ്ട പ്രവർത്തനങ്ങൾക്കെതിരെ യാതൊരു വിട്ടു വീഴ്ചയുമുണ്ടാകില്ല. പ്രശ്‌നമുണ്ടാക്കുന്നവർ അറസ്റ്റിലായാൽ ജയിലിൽ നിന്ന് പുറത്തിറങ്ങാനാകാത്ത വിധമുളള കർശന നടപടികളുണ്ടാകും"

ടി.നാരായണൻ, സിറ്റി പൊലീസ് കമ്മിഷണർ