photo
കാഞ്ഞിരകോട് താലൂക്ക് ആശുപത്രി അടച്ചിട്ട് ശുചീകരിക്കുന്നു

കുണ്ടറ: കൊവിഡ് രോഗം സ്ഥിരീകരിച്ച പടിഞ്ഞാറേകല്ലട അരിനല്ലൂർ സ്വദേശിനി കാഞ്ഞിരകോട് താലൂക്ക് ആശുപത്രിയിലെത്തിയതായുള്ള വിവരത്തെ തുടർന്ന് ആശുപത്രി താത്കാലികമായി അടച്ചിട്ട് അണുനശീകരണം നടത്തി.

ദുബായിൽ നിന്ന് നാട്ടിലെത്തിയ രോഗി വീട്ടിൽ ക്വാറന്റൈൻ പൂർത്തിയാക്കിയിരുന്നു. പനിയുടെ ലക്ഷണം കണ്ടതോടെ കാഞ്ഞിരകോട് താലൂക്ക് ആശുപത്രിയിലെത്തുകയായിരുന്നു. സ്രവം പരിശോധിക്കണമെന്ന ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് പരിശോധന നടത്തിയതും പോസിറ്റീവാണെന്ന് കണ്ടെത്തിയതും.

കുണ്ടറയിലെ ഒരു സ്വകാര്യ കണ്ണാശുപത്രിയിലും ഇവർ എത്തി പരിശോധന നടത്തിയിരുന്നു. ഇവിടെ വിദേശത്ത് നിന്ന് എത്തിയതാണെന്ന വിവരം മറച്ചുവച്ചതായും പറയപ്പെടുന്നു. കണ്ണാശുപത്രിയും താത്കാലികമായി അടച്ചു. വെള്ളിമണിൽ ബന്ധുവിന്റെ മരണ വീട്ടിലെത്തിയിരുന്നതായും മുളവനയിലെത്തി കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം രോഗി എവിടെയൊക്കെ പോയിട്ടുണ്ടെന്ന വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.