covid

 രോഗവ്യാപന സാദ്ധ്യത തള്ളിക്കളയാനാവില്ല

കൊല്ലം: ലോക്ക് ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യുന്നതിനാൽ ജില്ലയിലെ നിയന്ത്രണങ്ങൾ കർശനമാക്കിയേക്കും. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലയിൽ പുലർത്തേണ്ട ജാഗ്രതകൾ പലപ്പോഴായി ഇല്ലാതായെന്നാണ് വിലയിരുത്തൽ. നിരോധിത ലഹരി വസ്തുക്കളുമായി പുനലൂരിൽ അറസ്റ്റിലായ വ്യാപാരി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുമ്പോൾ കൊവിഡ് സ്ഥിരീകരിച്ചത് ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് പരിഗണിക്കുന്നത്.

തമിഴ്നാട്ടിൽ നിന്ന് പുനലൂരിലെ കടയിൽ വന്നുപോയ കച്ചവടക്കാരിൽ നിന്ന് കൊവിഡ് ബാധിച്ചെന്നാണ് നിഗമനം. വ്യാപാരിയെ അറസ്റ്റ് ചെയ്‌ത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരീക്ഷണത്തിലായി. നിലവിലെ സാഹചര്യത്തിൽ സമ്പർക്കത്തിലൂടെ രോഗ വ്യാപനത്തിനുള്ള സാദ്ധ്യത മാറ്റിനിറുത്താനാകില്ല. നിയന്ത്രണങ്ങൾ ഏറെക്കുറെ ഇല്ലാതായി കേരളത്തിന്റെ വാതിലുകൾ തുറന്നിട്ട സാഹചര്യത്തിൽ സ്വയം നിയന്ത്രണവും ജാഗ്രതയും അനിവാര്യമാണ്.

കൊവിഡ് ബാധിതരുടെ ജീവൻ രക്ഷിക്കാൻ കഴിയുന്ന മികച്ച ചികിത്സയാണ് കേരളം നൽകുന്നതെങ്കിലും രോഗബാധിതരുടെ എണ്ണം ഒരുമിച്ച് കൂടിയാൽ എല്ലാവർക്കും ചികിത്സ നൽകാനുള്ള സൗകര്യങ്ങളിൽ കുറവുണ്ടാകും. ഈ സാഹചര്യത്തിലാണ് ജില്ലയിലെ ഇളവുകൾ ദുരുപയോഗിക്കുന്നത് തടയാൻ മുന്നൊരുക്കങ്ങൾ നടക്കുന്നത്. മാസ്ക് ധരിക്കാതെ യാത്ര ചെയ്യുന്നവർ, ഹാൻഡ് വാഷ് കോർണറുകൾ ഒരുക്കാതെയും സാമൂഹിക അകലം ഉറപ്പ് വരുത്താതെയും പ്രവർത്തിക്കുന്ന വ്യാപാര കേന്ദ്രങ്ങൾ എന്നിവർക്കെതിരെയുള്ള നടപടികളിൽ വിട്ടു വീഴ്ചയുണ്ടാകില്ല.

അതിര് വിട്ടാൽ അകത്താകും

വിവാഹം, വിവാഹ നിശ്ചയങ്ങൾ, പിറന്നാൾ ആഘോഷങ്ങൾ എന്നിവ സർക്കാർ നിർദേശങ്ങൾ പാലിച്ച് മാത്രമേ നടത്താവൂ. പരിധിയിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചാൽ നടത്തിപ്പുകാർ മാത്രമല്ല പങ്കെടുക്കുന്നവരും കേസിൽ പ്രതികളാകും. വിവിധ സാഹചര്യങ്ങളിൽ നിന്ന് വരുന്നവർ കൃത്യമായ സാമൂഹിക അകലം പാലിക്കേണ്ടത് അനിവാര്യമാണ്. ആഘോഷ ചടങ്ങുകളെല്ലാം പൊലീസ് നിരീക്ഷിക്കുന്നുണ്ട്. പരവൂരിലും ചാത്തന്നൂരിലും കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച വിവാഹ ചടങ്ങുകൾക്കെതിരെ പൊലീസ് നടപടിയുണ്ടായി.

വീണ്ടും നടപ്പാക്കി, വർക്ക് ഫ്രം ഹോം

ലോക്ക് ഡൗൺ ഇളവുകൾ പൂർണതോതിലായ സമയത്ത് പല സ്ഥാപനങ്ങളും വർക്ക് ഫ്രം ഹോം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയർന്ന് തുടങ്ങിയതോടെ വർക്ക് ഫ്രം ഹോം പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവർ. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകളും സേവനങ്ങൾ പൂർണ തോതിൽ ഓൺലൈനിലേക്ക് മാറ്റിത്തുടങ്ങി.

''

നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകും. വിവാഹങ്ങൾ, വ്യപാരാ സ്ഥാപനങ്ങളുടെ പ്രവർത്തനം തുടങ്ങി എല്ലാത്തിനും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.

ടി. നാരായണൻ

സിറ്റി പൊലീസ് കമ്മിഷണർ