kichen-bin
കിച്ചൺ ബിൻ

കൊല്ലം: ഉറവിട മാലിന്യസംസ്കരണത്തിനുള്ള കിച്ചൺ ബിൻ നൽകാമെന്ന് പറഞ്ഞ് വീടുവീടാന്തരം കയറിയിറങ്ങി പണവും അപേക്ഷയും വാങ്ങിയ കൗൺസിലർമാരുടെ പൊടി പോലും ഇപ്പോൾ കാണാനില്ല. നാല് മാസം മുതൽ ഒന്നര വർഷം മുൻപ് വരെ പണം അടച്ചവർ കൗൺസിലർമാരുടെ വീടും കോർപ്പറേഷൻ ഓഫീസുകളും കയറിയിറങ്ങുകയാണ്.

വീട്ടിനുള്ളിൽ തന്നെ അടുക്കള മാലിന്യം സംസ്കരിച്ച് വളമാക്കുന്നതാണ് കിച്ചൺ ബിൻ. 1800 രൂപയാണ് യഥാർത്ഥ വില. എന്നാൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ 90 ശതമാനം സബ്സിഡിയിൽ 180 രൂപയ്ക്ക് നൽകുന്നതാണ് പദ്ധതി. ഓരോ ഡിവിഷനിലും 500 വീതം ആകെ 227500 ബിന്നുകൾ വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാൽ ജനങ്ങൾ കാര്യമായി അപേക്ഷിച്ചില്ല. തുച്ഛമായ വിലയ്ക്ക് നൽകാമെന്ന് പറഞ്ഞിട്ടും വേണ്ടാത്തവരെന്ന് നഗരവാസികളെ കുറ്റപ്പെടുത്തിയവരാണ് നൂറുകണക്കിന് ആളുകളിൽ നിന്ന് പണം വാങ്ങി പെട്ടിയിൽ വച്ച ശേഷം ഇപ്പോൾ അനങ്ങാതിരിക്കുന്നത്.


2 വർഷം പഴക്കമുള്ള പദ്ധതി

കിച്ചൺ ബിൻ നൽകാനുള്ള നഗരസഭയുടെ പദ്ധതിക്ക് രണ്ട് വർഷത്തോളം പഴക്കമുണ്ട്. ആദ്യഘട്ടത്തിൽ 500 പേർ മാത്രമാണ് അപേക്ഷിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഉടൻ എത്തിക്കുമെന്ന് പറഞ്ഞ് കൗൺസിലർമാർ വീടുകൾ കയറിയിറങ്ങി അപേക്ഷയും പണവും വാങ്ങിയത്. പണം വാങ്ങിയ വീടുകൾക്കടുത്തേക്ക് കൗൺസിലർമാർ ഇപ്പോൾ വരാറില്ല. നഗരസഭാ ഓഫീസുകളിൽ ചോദിക്കുമ്പോൾ തട്ടിക്കയറുകയാണ്.

കിച്ചൺ ബിന്നിന്റെ യഥാർത്ഥ വില: 1800 രൂപ

90 ശതമാനം സബ്സിഡിയിൽ 180 രൂപയ്ക്ക് നൽകുന്നതാണ് പദ്ധതി.

ഓരോ ഡിവിഷനിലും 500 വീതം ആകെ 227500 ബിന്നുകൾ വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം.

പണം അടച്ചവർക്കെല്ലാം ഒരാഴ്ചയ്ക്കുള്ളിൽ കിച്ചൺ ബിൻ വിതരണം ചെയ്യും. ലോക്ക് ഡൗൺ കാരണമാണ് വൈകിയത്. 5000 പേരുടെ അപേക്ഷ നിലവിൽ നഗരസഭയിൽ ലഭിച്ചിട്ടുണ്ട്. കൗൺസിലർമാരുടെ കൈയിൽ അയ്യായിരത്തോളം അപേക്ഷകൾ വേറെ ഉണ്ടാകും.

പി.ജെ. രാജേന്ദ്രൻ (ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ)