കൊവിഡ് സ്ഥിരീകരിച്ചവരിൽ 80 ശതമാനം വിദേശത്ത് നിന്നെത്തിയവർ
കൊല്ലം: ജില്ലയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് മൂന്നുമാസം തികയും. അദ്യഘട്ടത്തിൽ കൊവിഡ് ജില്ലയിൽ കൂടുതൽ ആശങ്ക പടർത്തിയില്ലെങ്കിലും പിന്നീട് അന്യദേശങ്ങളിൽ നിന്നുള്ള മടങ്ങിവരവ് ആരംഭിച്ചതോടെയാണ് രോഗബാധിതരുടെ എണ്ണം കുതിച്ചുയർന്നത്.
മറ്റ് പല ജില്ലകളിലും കൊവിഡ് റിപ്പോർട്ട് ചെയ്യുമ്പോഴും ആശ്വാസത്തിൽ നിന്ന കൊല്ലത്ത് മാർച്ച് 27നാണ് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 300 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ എൺപത് ശതമാനത്തോളം വിദേശത്ത് നിന്ന് എത്തിയവരാണ്. മടങ്ങിവരവ് തുടങ്ങുന്നതിന് മുൻപ് ജില്ലയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന കൊവിഡ് പൊസിറ്റീവ് ആറായിരുന്നു. പക്ഷെ ഇപ്പോൾ ഒട്ടുമിക്ക ദിവസങ്ങളിലും പത്തിന് മുകളിലാണ്. 24 പേർക്ക് സ്ഥിരീകരിച്ച ദിവസവുമുണ്ടായി. രോഗമുക്തരാകുന്നവരുടെ നിരക്കും കുറവാണ്.
ജില്ലയിലുണ്ടായ കൊവിഡ് മരണങ്ങളിലൊന്നും പ്രവാസിയാണ്. ആദ്യഘട്ടത്തിൽ കൊവിഡ് സ്ഥിരീകരിച്ച ഇവിടുത്തുകാരിൽ പലർക്കും കാര്യമായ രോഗലക്ഷണങ്ങളില്ലായിരുന്നു. പക്ഷെ വിദേശത്ത് നിന്ന് മടങ്ങിയെത്തി കൊവിഡ് സ്ഥിരീകരിച്ചവരിൽ പകുതിയിലേറെ പേരിലും രോഗലക്ഷണങ്ങൾ പ്രകടമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
കൊവിഡ് സ്ഥിരീകരിച്ചത്: 300
വിദേശത്ത് നിന്നെത്തിയവർ: 224
അന്യസംസ്ഥാനത്ത് നിന്ന്: 44
ഇവിടുത്തുകാർ: 32
''
ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ചത് കൊല്ലം താലൂക്കിലാണ്. മറ്റ് താലൂക്കുകളേക്കാൾ ഏറെ വിസ്തൃതമായതുകൊണ്ടാകാമിത്. രോഗം സ്ഥിരീകരിച്ച ഇവിടുത്തുകാരുടെ കണക്കിൽ കൊല്ലവും പുനലൂരുമാണ് മുന്നിൽ.
ആരോഗ്യ വകുപ്പ്