ചവറ: തമിഴ്നാട്ടിൽ നിന്ന് കൊല്ലത്തേക്ക് സവാളയുമായെത്തിയ ലോറി ചവറ പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറി. ഇന്നലെ പുലർച്ചെ ഏഴുമണിയോടെയാണ് അപകടം. പാലത്തിൽ എതിരേ വന്ന വാഹനത്തിന് സൈഡ് നൽകവേ നിയന്ത്രണം നഷ്ടമായ ലോറി കൈവരിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെത്തുടർന്ന് മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ചവറ പൊലീസ് സ്ഥലത്തെത്തി ക്രെയിൻ ലോറി നീക്കിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.