pradeep

കൊല്ലം: നഗരസഭാ ജീവനക്കാരനായ തേവള്ളി പ്രദീപ് പേരെടുത്ത പാചകക്കാരനാണ്. കൊവിഡ് കാലത്ത് അദ്ദേഹം ചെറ്റക്കുടിലുകളിൽ എത്തിച്ചുനൽകിയ പൊതിച്ചോറുകൾ ഇതുവരെ ഉണ്ടാക്കിയ എല്ലാ വിഭാവങ്ങളക്കാളും സ്വാദിഷ്ടമായിരുന്നു. കാരണം ആ പൊതിച്ചോറുകളിൽ മേമ്പൊടിയായി കാരുണ്യത്തിന്റെ നന്മയും ചേർക്കുമായിരുന്നു.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ദിവസം മുഴുവൻ വിശ്രമം. സർക്കാർ ജീവനക്കാരനും ഒറ്റത്തടിയുമായതിനാൽ ഭാവിയെക്കുറിച്ച് ആശങ്കയില്ല. പക്ഷേ ചില ലോക്ക്ഡൗൺ കാഴ്ചകൾ ഉള്ള് വല്ലാതെ കുലുക്കി. മക്കൾ ഉപേക്ഷിച്ച് പോയ അമ്മമാർ, വിശന്ന് വലയുന്ന ഗുരുതര രോഗികൾ. പണിക്ക് പോകാനാകാതെ പട്ടിണിയിലായ തൊഴിലാളി കുടുംബങ്ങൾ. തന്റെ കൈപ്പുണ്യവും സമ്പാദ്യവും അവർക്കായി മാറ്റി വയ്ക്കാൻ പ്രദീപ് തീരുമാനിച്ചു. അശരണരും അലംബഹീനരും തൊഴിലില്ലാതെ പട്ടിണിയിലുമായ 60 പേരെ കണ്ടെത്തി. ലോക്ക് ഡൗൺ ആരംഭിച്ച മാർച്ച് അവസാനം മുതൽ എല്ലാ ദിവസവും ഉച്ചഭക്ഷണം തയ്യാറാക്കി അവരുടെ വീടുകളിലെത്തിച്ചു. അച്ചാർ, തോരൻ അവിയൽ, സാമ്പാർ പുളിശേരി എന്നിവയാണ് ആദ്യ ദിവസങ്ങളിൽ ചോറിനൊപ്പം നൽകിയത്. പിന്നീട് ഇടയ്ക്കിടെ മീൻകറിയും ഇറച്ചിക്കറിയും നൽകി.

സമൂഹ അടുക്കള വഴി അല്ലാതെ ഭക്ഷണ വിതരണം പാടില്ലെന്ന കളക്ടറുടെ ഉത്തരവ് വന്നതോടെ പ്രദീപിന് പാവങ്ങൾക്കുള്ള ഭക്ഷണ വിതരണം അവസാനിപ്പിക്കേണ്ടി വന്നു. പക്ഷെ പ്രദീപ് കാരുണ്യ കലവറ പൂട്ടിയില്ല. കൊവിഡിനെ പ്രതിരോധിക്കാൻ പൊരിവെയിലത്ത് ജോലി ചെയ്യുന്ന പൊലീസുകാർക്ക് ഭക്ഷണം നൽകി. കൊല്ലം ബോയ്സ് സ്കൂളിലേത് അടക്കമുള്ള കൊവിഡ് കെയർ സെന്ററുകളിൽ ലഘുഭക്ഷണവും വിതരണം ചെയ്തു. ഈമാസം 10ന് പായസം സഹിതം സദ്യ നൽകിയാണ് സൗജന്യ ഭക്ഷണ വിതരണം അവസാനിപ്പിച്ചത്. ഇതിനിടയിൽ 25 ആട്ടോ ഡ്രൈവർമാർക്ക് പത്ത് കിലോ അരി സഹിതം 1,​200 രൂപ വില വരുന്ന ഭക്ഷ്യകിറ്റും സൗജന്യമായി എത്തിച്ചു. ലോക്ക് ഡൗണിന്റെയും കൊവിഡിന്റെയും ദുരിതങ്ങൾ ഇനിയും അകലാത്തതിനാൽ പാവങ്ങൾക്ക് പലവ്യഞ്ജനങ്ങൾ സൗജന്യമായി നൽകാനുള്ള ഒരുക്കത്തിലാണ് പ്രദീപ്.