കൊട്ടാരക്കര : എം.സി റോഡിൽ കലയപുരം ഗുരുമന്ദിരത്തിന് സമീപം കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന കുടുംബം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കുണ്ടറ പെരുമ്പുഴ തെങ്ങുവിള വീട്ടിൽ ജയകുമാർ (54), ഭാര്യ ഷീല (49), മകൻ ദുർഗാ ദാസ് (13), കാർ ഡ്രൈവർ സുനിൽ (40) എന്നിവരാണ് രക്ഷപ്പെട്ടത്. ഷീലയുടെ ചികിത്സയ്ക്കായി പെരുമ്പാവൂരിലെ ആയുർവേദ ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം. നിയന്ത്രണംവിട്ട കാർ റോഡിന്റെ വശത്തുള്ള ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന പോസ്റ്റ് കാറിനു മുകളിലേക്ക് മറിഞ്ഞു. ഒടിഞ്ഞു വീണ ഇലക്ട്രിക് പോസ്റ്റിൽ നിന്ന് വൈദ്യുതി പ്രവാഹം ഉണ്ടാകാതിരുന്നതിനാലാണ് വൻ അപകടം ഒഴിവായത്. കൊട്ടാരക്കര പൊലീസ് കേസെടുത്തു.