ശാസ്താംകോട്ട: അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ശാസ്‌താംകോട്ട തടാക തീരത്ത് സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ മൊട്ടക്കുന്നുകൾ ഇടിച്ചുനിരത്തുന്നു. എക്സൈസ് ഓഫീസ് നിർമ്മാണത്തിന്റെ മറവിലാണ് തടാകത്തെ നില നിർത്തുന്ന മൊട്ടക്കുന്നുകൾ ഇടിച്ച് മണ്ണ് കടത്തുന്നത്. മാസങ്ങൾക്ക് മുമ്പ് എക്സൈസ് ഓഫീസിനായി ഇവിടെ കുന്നിടിക്കാൻ തുടങ്ങിയപ്പോൾ വൻ പ്രതിഷേധം ഉയർന്നിരുന്നു. കുന്നിടിക്കരുതെന്ന് ആവശ്യപ്പെട്ട പ്രക്ഷോഭങ്ങളെ വെല്ലുവിളിച്ചാണ് അന്ന് എക്സൈസ് മന്ത്രി നേരിട്ടെത്തി ഓഫീസിന് ശിലയിട്ടത്. ഇപ്പോൾ സംരക്ഷണ ഭിത്തി കെട്ടാനെന്ന പേരിലാണ് രഹസ്യമായി മണ്ണ് മാന്തി യന്ത്രവും ടിപ്പറുകളുമെത്തിച്ച് വീണ്ടും മണ്ണ് കടത്തുന്നത്. കാലവർഷ കാലത്ത് മൊട്ടക്കുന്നുകൾ ഇടിച്ച് നിരത്തുന്നതോടെ മണ്ണൊഴുകി തടാകത്തിലേക്ക് തന്നെ പതിക്കും. ശാസ്കാംകോട്ടയിൽ സർക്കാർ ഭൂമി നിരവധി ഉണ്ടായിട്ടും എക്സൈസ് ഓഫീസ് നിർമ്മിക്കാൻ തടാക തീരം തിരഞ്ഞെടുത്തത് ദുരൂഹമാണ്. മുമ്പ് പൊലീസ് സ്റ്റേഷനും ഠൗണിൽ നിന്ന് ഒരു കിലോമീറ്ററോളം അകത്തുള്ള വിജനമായ തടാക തീരത്തേക്ക് മാറ്റിയിരുന്നു. സന്ധ്യ മയങ്ങിയാൽ തടാക തീരത്തെ വിജനമായ വഴിയിലൂടെ പൊലീസ് സ്റ്റേഷനിലേക്കെത്താൻ പരാതിക്കാർ മടിക്കുകയാണ്. പിന്നാലെ എക്സൈസ് ഓഫീസും ഇവിടേക്ക് കൊണ്ടുവരുന്നതിന് പിന്നിൽ സംഘടിതമായ പല അജണ്ടകളും ഉണ്ടെന്നാണ് ആരോപണം. ഓഫീസ് നിർമ്മാണത്തിനെന്ന പേരിൽ വ്യാപകമായി കുന്നിടിക്കുന്നതിന് പിന്നാലെ അഴിമതി ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.