പി.എസ്. സുപാലിനോട് വീണ്ടും വിശദീകരണം ആവശ്യപ്പെട്ടു
കൊല്ലം: ജില്ലയിലെ സി.പി.ഐയിൽ നിലനിൽക്കുന്ന വിഭാഗീയത അവസാനിപ്പിക്കാൻ സംസ്ഥാന നേതൃത്വം കടുത്ത നടപടിക്ക് ഒരുങ്ങുന്നു. നാലുമാസം മുൻപ് കൊട്ടാരക്കര മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന ജില്ലാ എക്സിക്യുട്ടീവ് യോഗം കൈയാങ്കളിയുടെ വക്കിലെത്തിയതുമായി ബന്ധപ്പെട്ട് ജില്ലാ അസി. സെക്രട്ടറി പി.എസ്. സുപാലിനോട് വീണ്ടും വിശദീകരണം ആവശ്യപ്പെട്ടു.
ജില്ലാ എക്സി. യോഗത്തിലുണ്ടായ അസാധാരണ സംഭവങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ചേർന്ന സംസ്ഥാന എക്സി. യോഗം ജില്ലാ അസി. സെക്രട്ടറി പി.എസ്. സുപാലിനോടും സംസ്ഥാന കൗൺസിലംഗം ആർ. രാജേന്ദ്രനോടും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന എക്സി. യോഗം ഇരുവരുടെയും വിശദീകരണങ്ങൾ പരിശോധിച്ചു. ജില്ലയുടെ ചുമതലക്കാരാനായ സംസ്ഥാന എക്സി. അംഗം കെ.ആർ. ചന്ദ്രമോഹൻ യോഗത്തിലുണ്ടായ സംഭവങ്ങൾ വിശദീകരിച്ചു. ഇക്കാര്യങ്ങൾ വിശദീകരിക്കുന്നതിനൊപ്പം തന്റെ ഭാഗത്തുണ്ടായ വീഴ്ചകളും മറ്റ് ചില സംഘടനാ പ്രശ്നങ്ങൾ വിവരിക്കുന്നതുമായിരുന്നു ആർ. രാജേന്ദ്രന്റെ വിശദീകരണ കുറിപ്പ്. ഇത് സംസ്ഥാന എക്സിക്യുട്ടീവ് അംഗീകരിച്ചു. എന്നാൽ സുപാലിന്റെ ഒറ്റവരി വിശദീകരണ കുറിപ്പ് സംസ്ഥാന എക്സിക്യുട്ടീവ് തള്ളുകയും വീണ്ടും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. അടുത്ത മാസം പകുതിയോടെ ചേരുന്ന സംസ്ഥാന എക്സിക്യുട്ടീവ് സുപാലിന്റെ വിശദീകരണം പരിശോധിക്കും.
ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റിയിലെ സി.പി.ഐ പ്രതിനിധികളെ നിശ്ചയിക്കാനാണ് കൊട്ടാരക്കരയിൽ ജില്ലാ എക്സിക്യുട്ടീവ് ചേർന്നത്. പാർട്ടിയുടെ ലൈബ്രറി കൗൺസിൽ ഡിപ്പാർട്ട്മെന്റ് കമ്മിറ്റിയുടെ നിർദ്ദേശം മുല്ലക്കര രത്നാകരൻ അവതരിപ്പിച്ചു. 20 വർഷമായി സെക്രട്ടറിയായി തുടരുന്ന സുകേശനെ എക്സിക്യുട്ടീവിൽ ഉൾപ്പെടുത്തുന്നതിനെതിരെ പി.എസ്. സുപാൽ രംഗത്തെത്തി. ഇതേ യോഗത്തിൽ തന്നെ ലൈബ്രറി കൗൺസിൽ സെക്രട്ടറിയെ നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനെതിരെ മറുപക്ഷം രംഗത്തെത്തി. പിന്നീട് തർക്കം സുപാലും ആർ. രാജേന്ദ്രനും തമ്മിലായി. ഒടുവിൽ അടിപിടിയുടെ വക്കിലെത്തിയപ്പോൾ ജില്ലാ സെക്രട്ടറി മുല്ലക്കര യോഗം പിരിച്ചുവിടുകയായിരുന്നു. ഇതിന് ശേഷം ജില്ലാ എക്സിക്യുട്ടീവ് ഇതുവരെ ചേർന്നിട്ടില്ല.
എക്സിക്യുട്ടീവ് ചേരാൻ പൊലീസ് കാവൽ വേണം!
സി.പി.ഐയുടെ ജില്ലാ എക്സിക്യുട്ടീവ് ചേരാൻ നിലവിൽ പൊലീസിന്റെ കാവൽ വേണ്ട സ്ഥിതിയാണ്. പഴയ ഇസ്മായിൽ പക്ഷക്കാരും കാനം പക്ഷക്കാരും തമ്മിലുള്ള അകൽച്ച അത്രത്തോളം രൂക്ഷമാണ്. കഴിഞ്ഞ സമ്മേളന കാലയളവിൽ തുടങ്ങിയതാണ് ഇരുപക്ഷത്തിന്റെയും ചരടുവലികൾ. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് എൻ. അനിരുദ്ധനെ നീക്കാൻ സംസ്ഥാന എക്സിക്യുട്ടീവ് തീരുമാനിച്ചതോടെ തർക്കം കൂടുതൽ രൂക്ഷമായി. മുല്ലക്കര രത്നാകരന് ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകിയെങ്കിലും ജില്ലാ നേതൃത്വത്തിലെ വിഭാഗീയത അടിത്തട്ടിലേക്കും പടരുകയാണ്.