vipani

 പോക്കറ്റ് കൊള്ളയടിച്ച് ഒരുവിഭാഗം വ്യാപാരികൾ

കൊല്ലം: കൊവിഡ് ആശങ്കകൾ മറയാക്കി നിത്യോപയോഗ സാധനങ്ങൾക്ക് വീണ്ടും വില ഉയർത്തുന്നു. ഒരു വിഭാഗം ചെറുകിട വിൽപ്പന കേന്ദ്രങ്ങളിലും സൂപ്പർ മാർക്കറ്റുകളിലും വില സാധാരണക്കാരന് താങ്ങാനാകുന്നില്ല. വിജിലൻസ് വിപണി ഇടപെടൽ പരിമിതപ്പെടുത്തിയതോടെ അമിത വില നിയന്ത്രിക്കാനുള്ള സർക്കാർ ഇടപെടൽ ഇല്ലാതായി.

തുടർച്ചയായി ഇന്ധനവില ഉയരുന്ന സാഹചര്യത്തിൽ വരും ദിനങ്ങളിൽ വിലവർദ്ധനവിന് സാദ്ധ്യതയേറെയാണ്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ കാലത്ത് അവശ്യസാധന വിലയിൽ നേരിയ

വർദ്ധനവ് ഉണ്ടായതോടെ ഇത് അവസരമാക്കി പകൽ കൊള്ള നടത്താൻ മത്സരിക്കുകയാണ് ഒരു വിഭാഗം. ചില സാധനങ്ങളുടെ കവറിൽ പ്രിന്റ് ചെയ്തിരിക്കുന്ന എം.ആർ.പി വില സാധനത്തിന് സർക്കാർ നിശ്ചയിച്ചതിനേക്കാൾ വളരെ കൂടുതലാണ്.

ഇത്തരത്തിൽ അമിത വില പ്രിന്റ് ചെയ്യുന്നവർക്കെതിരെയും നടപടിയില്ല. അതായത് പത്ത് കിലോയുടെ ഒരു പായ്ക്കറ്റ് അരി വിൽക്കുന്നത് 390 നോ 400 രൂപയ്ക്കോ ആണ്. പക്ഷേ അതിൻമേലുള്ള എം.ആർ.പി വില 490 വരെയൊക്കെയാണ്. ഇതാണ് ചില കച്ചവടക്കാർ അവസരമാക്കി ജനത്തെ ദ്രോഹിക്കുന്നത്.

ബിസ്കറ്റ്, പേസ്റ്റ് തുടങ്ങി,​ കൂടുതൽ ആവശ്യക്കാരുള്ള സാധനങ്ങൾക്ക് നിർമ്മാതാക്കൾ നേരിട്ട് വില വർദ്ധിപ്പിച്ചിട്ടുണ്ട്. മാത്രമല്ല,​ ഇവയുടെ തൂക്കം വെട്ടിക്കുറച്ചതും ഉപഭോക്താക്കൾ അറിയുന്നില്ല.

പൂഴ്‌ത്തിവച്ചാൽ പിടിച്ചെടുക്കും

അമിതവില, പൂഴ്ത്തിവപ്പ് എന്നിവ കണ്ടെത്തിയാൽ സാധങ്ങൾ പൂർണമായും പിടിച്ചെടുക്കുമെന്നാണ് അറിയിപ്പെങ്കിലും ഇപ്പോൾ നടപടികൾ കാണുന്നില്ല. പിടിച്ചെടുക്കുന്ന സാധനങ്ങൾ പൊതുവിതരണ സംവിധാനം വഴി ന്യായവിലയ്ക്ക് വിൽക്കുമെന്നായിരുന്നു പ്രഖ്യാപനം.

വിപണിയിലേക്ക് വ്യാജ വെളിച്ചെണ്ണ

വൻതോതിൽ വ്യാജ വെളിച്ചെണ്ണ വിപണിയിൽ എത്തുന്നുണ്ട്. ഒരു ലിറ്ററിൽ പത്തുശതമാനം വെളിച്ചെണ്ണ പോലും വ്യാജ എണ്ണകളിൽ ഉണ്ടാകാറില്ല. കുറഞ്ഞ വിലയ്ക്ക് വ്യാപാരികൾക്ക് കിട്ടുന്ന വ്യാജന് 200 രൂപയാണ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്.

ഓഫറുകളുടെ പച്ചക്കറി വിപണി

പൊതു വിലക്കയറ്റത്തിൽ നിന്ന് മാറി നിൽക്കുകയാണ് പച്ചക്കറി വിപണി. 30 രൂപയുടെ പച്ചക്കറി കിറ്റുകൾ വരെ നൽകി ഉപഭോക്താക്കളെ ആകർഷിക്കുകയാണ്. സവാള, ചെറിയ ഉള്ളി, സവാള തുടങ്ങിയവുടെ ചില്ലറ വില സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതാണ്. രണ്ടര കിലോ ചെറിയ ഉള്ളി നൂറ് രൂപയ്ക്കും ഏഴ് കിലോ സവാള നൂറ് രൂപയ്ക്കും ഇപ്പോൾ ലഭ്യമാണ്.

അമിത വില ഈടാക്കിയാൽ എന്ത് ചെയ്യണം?

1. വാങ്ങുന്ന സാധനങ്ങളുടെ ബില്ല് ചോദിച്ച് വാങ്ങുക

2. കമ്പ്യൂട്ടർ ബിൽ ഇല്ലാത്ത കടകളിൽ എഴുതി തയ്യാറാക്കിയ ബിൽ വാങ്ങണം

3. അമിത വിലയാണ് ഈടാക്കിയതെന്ന് ബോദ്ധ്യപ്പെട്ടാൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ നമ്പറുകളിൽ വിളിച്ചു അറിയിക്കണം

4. അമിതമായി സാധനങ്ങൾ വാങ്ങി കൂട്ടേണ്ടതില്ല. ഭക്ഷ്യ ക്ഷാമത്തിന് സാദ്ധ്യതയില്ല

5. അമിത വില ഈടാക്കുന്ന സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക

പരാതികൾ അറിയിക്കാം

 ജില്ലാ സപ്ലൈ ഓഫീസർ കൊല്ലം: 9188527316

 കൊല്ലം താലൂക്ക് സപ്ലൈ ഓഫീസർ: 9188527339

 കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫീസർ: 9188527341

 പുനലൂർ താലൂക്ക് സപ്ലൈ ഓഫീസർ: 9188527340

 കരുനാഗപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർ: 9188527342

 പത്തനാപുരം താലൂക്ക് സപ്ലൈ ഓഫീസർ: 9188527343

 കുന്നത്തൂർ താലൂക്ക് സപ്ലൈ ഓഫീസർ: 9188527344

 വിജിലൻസ് കൊല്ലം യൂണിറ്റ്: 0474 279 5092

സാധനം, ലോക്ക് ഡൗൺ തുടങ്ങിയപ്പോഴത്തെ വില, ഇപ്പോഴത്തെ വില

ജയ അരി - 35 - 39

പച്ചരി - 31 - 40

ഉഴുന്ന് - 120 - 135

വെളിച്ചെണ്ണ - 190 - 215

പഞ്ചസാര - 36 - 41

ചെറുപയർ - 94 - 135

വൻപയർ - 70 - 90

കടല - 77 - 89

വെള്ളക്കടല - 90 - 130

പാംഓയിൽ - 85 - 100

ഗ്രീൻപീസ് - 120 - 180

മുളക് (പിരിയൻ) - 210 - 300

(എല്ലാ വ്യാപാരികളും കൊള്ള വില ഈടാക്കുന്നില്ല )

''

അമിത വില സംബന്ധിച്ച പരാതികളിൽ കർശന നടപടി ഉണ്ടാകും. അമിത വില, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത എന്നിവ അനുവദിക്കില്ല.

എസ്.എ. സെയ്ഫ്,
താലൂക്ക് സപ്ലൈ ഓഫീസർ, കൊല്ലം