വസ്തുലഭിച്ചാൻ വീടെന്ന സ്വപ്‌നവും പൂവണിയും
ഏരൂർ: ചോർന്നൊലിക്കുന്ന കൂരയിൽ ജീവിതവും പഠനവും വഴിമുട്ടിയ കുരുന്നുകൾക്ക് ഒടുവിൽ താൽക്കാലിക ആശ്വാസം. മണലിൽ കനാൽ പുറമ്പോക്ക് കാശിഭവനിൽ കൂലിപ്പണിക്കാരനായ ഓമനക്കുട്ടന്റെയും പ്രീതയുടേയും മക്കളായ കാശിനാഥനും ശിവപാർവതിക്കുമാണ് വീട്ടിൽ വൈദ്യുതിയും ഓൺലൈൻ പഠനത്തിനായി ടി.വിയും ഡി.ടി.എച്ച് കണക്ഷനും സുമനസുകൾ എത്തിച്ചുനൽകിയത്.
ഇവരുടെ അവസ്ഥ വിവരിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയാണ് വഴിത്തിരിവായത്. ഓമനക്കുട്ടന്റെ തുച്ഛവരുമാനമാണ് ഇവരുടെ ഏക ആശ്രയം. ഭാര്യ പ്രീതയാകട്ടെ തൈറോയ്ഡ് രോഗം മൂർച്ഛിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സാമ്പത്തിക ബുദ്ധിമുട്ടുകാരണം കഴിഞ്ഞ അഞ്ചുമാസമായി ഇവർക്ക് ചികിത്സ നൽകാൻ പോലും സാധിക്കുന്നില്ല. റേഷൻ കാർഡുപോലും ആഴ്ചകൾക്ക് മുൻപാണ് ലഭിച്ചത്. പലകകൊണ്ട് മറച്ച് പോളിത്തീൻ ഷീറ്റുമൂടിയ ഒറ്റമുറിക്കൂരയിലാണ് താമസം.
കിണറും കക്കൂസും പോലുമില്ല. ഇത്തരത്തിൽ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിൽ പഠിക്കുന്ന കുട്ടികളുടെ അവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു കേരളകൗമുദിയിലെ വാർത്ത. വാർത്ത ശ്രദ്ധയിൽപ്പെട്ട മുഹൂർത്തം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും ചിതറ സ്വദേശിയുമായ അനിലൻ മുഹൂർത്തം വൈദ്യുതി കണക്ഷൻ ലഭിച്ചാൽ ടി.വി വാങ്ങിനൽകാമെന്ന് അറിയിച്ചു. അഞ്ചൽ ശ്രീലകം വാസ്തു കൺസൾട്ടന്റായ എം.ആർ. രാജേഷ് ഡി.ടി.എച്ച് കണക്ഷനും വാഗ്ദാനം ചെയ്യുകയായിരുന്നു.
താങ്ങായി അധികൃതരും
അടുത്ത് പോസ്റ്റ് ഉണ്ടെങ്കിലും വൈദ്യുതി ലഭിക്കാത്ത അവസ്ഥ കരവാളൂർ വൈദ്യുതി ഓഫീസിൽ അറിയിച്ചതോടെ ഇവരും അനുഭാവപൂർണമായ നിലപാട് സ്വീകരിച്ചു. ആവശ്യമായ രേഖകൾ ലഭിച്ചാലുടൻ കണക്ഷൻ നൽകാമെന്നും ഓഫീസിൽ അടയ്ക്കേണ്ട പണം സ്റ്റാഫ് യൂണിയനൽ നൽകാമെന്നും അറിയിച്ചതോടെ പേപ്പറുകൾ സമർപ്പിച്ച് ഒരു മണിക്കൂറിനുള്ളിൽ വീട്ടിൽ വൈദ്യുതി കണക്ഷനെത്തി. പിന്നാലെ ടി.വിയും ഡി.ടി.എച്ചും എത്തിയതോടെയാണ് കുരുന്നുകളുടെ പഠനത്തിന് അവസരമൊരുങ്ങിയത്.
വീട് നൽകാനും ആളുണ്ട്, പക്ഷേ....
പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയായ ഏഷ്യൻ ബിൽഡേഴ്‌സ് ചെയർമാൻ ഡോ. ജയലാൽ നടേശൻ ഇവർക്ക് വീടുനിർമ്മിച്ച് നൽകാമെന്നും അറിയിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ വസ്തുകൂടി ലഭിച്ചാൽ കുടുംബത്തിന്റെ ദുരിതത്തിന് അറുതിയാകും. ഓമനക്കുട്ടന്റെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇൻഡ്യ കരവാളൂർ ശാഖയിൽ അക്കൈണ്ട് എടുത്തിട്ടുണ്ട് നമ്പർ: 39431843454 ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ഐ.എൻ 0007623
...................
കേരള കൗമുദിവാർത്ത ഞങ്ങൾക്ക് പുതിയ ജീവിതമാണ് തന്നത്. കുട്ടികൾക്ക് പഠിക്കാനായി വൈദ്യുതി, ടി.വി, ഡിഷ് തുടങ്ങിയ സൗകര്യങ്ങൾ എത്തി. വസ്തു തരപ്പെട്ടാൽ വീട് നിർമ്മിച്ചുതരാനും ആളായി
ഓമനക്കുട്ടൻ