pipe

 സംരക്ഷണം തട്ടിക്കളിച്ച് ബദൽ കുടിവെള്ള പദ്ധതി അട്ടിമറിച്ചു

കൊല്ലം: ശാസ്‌താംകോട്ട തടാക സംരക്ഷണത്തിന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച ബദൽ കുടിവെള്ള പദ്ധതി പാതി വഴിയിൽ അട്ടിമറിച്ചതിന്റെ കാരണങ്ങൾ വ്യക്തമാക്കാൻ സർക്കാർ വകുപ്പുകൾ തയ്യാറാകുന്നില്ല. പദ്ധതി നിശ്ചലമായതോടെ സർക്കാരിന് 6.93 കോടിയുടെ നഷ്‌ടമുണ്ടായെന്നാണ് വിവരാവകാശ മറുപടിയിൽ വ്യക്തമാക്കിയത്. എന്നാൽ ഇതിലേറെ നഷ്‌ടമുണ്ടായെന്നാണ് സി.എ.ജി റിപ്പോർട്ടിലുള്ളത്.

2013 ലെ കൊടും വരൾച്ചയിൽ നാലേമുക്കാൽ ചതുരശ്ര കിലോമീറ്ററിൽ നിന്ന് മുന്നേമുക്കാൽ ചതുരശ്ര കിലോമീറ്ററിലേക്ക് തടാകത്തിന്റെ വിസ്‌തൃതി ചുരുങ്ങിയിരുന്നു. ഇതോടെ സംരക്ഷണം ആവശ്യപ്പെട്ട് തടാക സംരക്ഷണ ആക്ഷൻ കൗൺസിൽ ആരംഭിച്ച നിരാഹാരത്തിനൊടുവിൽ ജൂൺ 14ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വകുപ്പ് മേധാവികളും നേരിട്ടെത്തിയായിരുന്നു ബദൽ കുടിവെള്ള പദ്ധതി പ്രഖ്യാപിച്ചത്. ശാസ്‌താംകോട്ട തടാകത്തിൽ നിന്നുള്ള അമിതമായ ജലചൂഷണം ഒഴിവാക്കി കൊല്ലം നഗരത്തിനായി ബദൽ കുടിവെള്ള പദ്ധതിയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.

എന്നാൽ പദ്ധതി നിലച്ച് സർക്കാരിന് കോടികളുടെ നഷ്ടമുണ്ടായപ്പോൾ ആർക്കൊക്കെ സാമ്പത്തിക ലാഭമുണ്ടായെന്നതിനെ കുറിച്ച് ഒരന്വേഷണവും നടന്നില്ല. ഏഴ് കോടിയോളം രൂപ തടാക തീരത്ത് വെറുതെ കളഞ്ഞതിനെ കുറിച്ച് പുനരാലോചന നടത്താൻ സർക്കാരും വകുപ്പുകളും തയ്യാറാകാത്തത് ഗൗരവകരമാണ്.

ദാഹം അടങ്ങാതെ നഗരവും

കൊല്ലം നഗരത്തിന്റെ ദാഹമകറ്റാൻ കല്ലടയാറ്റിലെ കടപുഴ ഭാഗത്ത് നിന്ന് ശാസ്‌താംകോട്ടയിൽ വെള്ളമെത്തിച്ച് ശുദ്ധീകരിക്കുന്നതായിരുന്നു ബദൽ കുടിവെള്ള പദ്ധതി. കടപുഴഭാഗത്ത് തടയണ നിർമ്മിക്കാൻ 19 കോടിയും ഇവിടെ നിന്ന് വെള്ളം ശാസ്താംകോട്ടയിലെത്തിക്കാൻ പൈപ്പുകൾ സ്ഥാപിക്കാൻ 14.5 കോടിയും സർക്കാർ അനുവദിച്ചു. ശാസ്‌താംകോട്ട ഭാഗത്ത് കോടികൾ ചെലവിട്ട് പൈപ്പുകൾ സ്ഥാപിച്ചെങ്കിലും നിലവിലെ സർക്കാരിന്റെ കാലത്ത് പദ്ധതി അവസാനിപ്പിച്ചു. പദ്ധതിക്കായി കൊണ്ടുവന്ന പൈപ്പുകൾ തടാക തീരങ്ങളിൽ നശിക്കുകയാണിപ്പോൾ. 24.8 കോടി രൂപയുടെ മാനേജ്മെന്റ് ആക്ഷൻ പ്ളാനും ഇതിനിടെ എവിടെയോ ഒഴുകിപ്പോയി.

.......................
ഉപമയിൽ ഒതുകി ധനമന്ത്രി

രാജ്യത്തെ സംരക്ഷണം അനിവാര്യമായ 27 തണ്ണീർത്തടങ്ങളിൽ ഒന്നായ ശാസ്‌താംകോട്ട തടാകത്തിന് കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിലും പണം അനുവദിച്ചിരുന്നില്ല. ധനമന്ത്രി തോമസ് ഐസക് ഒരിക്കൽ തടാകത്തെ ഉപമിച്ചത് നൈനിറ്റാൾ തടാകത്തോടാണ്. മന്ത്രിയുടെ കാവ്യ ഉപമകൾക്കപ്പുറം ഗൗരവമായ സംരക്ഷണ പദ്ധതികൾ ഉണ്ടാകാത്തതിന് തടാകത്തിന്റെ നിലനിൽപ്പിനെ ബാധിക്കും.

തടാക വിസ്തീർണം: 4.75 ചതുരശ്ര കി. മീറ്റർ

ഇപ്പോൾ: 3.75 ചതുരശ്ര കി. മീറ്റർ

ബദൽ കുടിവെള്ള പദ്ധതി

(അനുവദിച്ചത്)

തടയണ നിർമ്മാണം: 19 കോടി

പൈപ്പ് സ്ഥാപിക്കൽ: 14.5 കോടി

സർക്കാരിന് നഷ്ടം: 6.93 കോടി

(ഇതിൽ കൂടുതലെന്ന് സി.എ.ജി റിപ്പോർട്ട്)

''

തടാക സംരക്ഷണത്തിനായി പതിറ്റാണ്ടുകളോളം സമരം ചെയ്‌തവർക്ക് പദ്ധതി അട്ടമറിച്ചതിന്റെ കാരണം ഇപ്പോഴും അവ്യക്തമാണ്.

കെ. കരുണാകരൻ പിള്ള

ചെയർമാൻ,​ തടാകസംരക്ഷണ സമിതി

.....................