പ്രകൃതി സൗഹൃദ പാർക്കിന് കുമാരനാശാന്റെ പേരിടാൻ തീരുമാനം
കൊല്ലം: മഹാകവി കുമാരനാശാൻ അന്ത്യയാത്ര പുറപ്പെട്ട കൊല്ലം ബൊട്ട് ജെട്ടിക്ക് സമീപം അദ്ദേഹത്തിന് നിത്യസ്മാരകം. അഷ്ടമുടി കായലിന്റെ തീരത്ത് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനരികെ നിർമ്മാണം പുരോഗമിക്കുന്ന പ്രകൃതി സൗഹൃദ പാർക്കിന് സംസ്ഥാന സർക്കാർ കുമാരനാശാന്റെ പേരിട്ടു.
നഗരത്തിലെ മാലിന്യം തള്ളി അസഹ്യമായ ദുർഗന്ധം കാരണം അടുക്കാൻ കഴിയാതിരുന്ന സ്ഥലമാണ് ഇപ്പോൾ സുന്ദരമായ പാർക്കായി മാറുന്നത്. അഷ്ടമുടിയുടെ എട്ട് മുടികളിലൊന്ന് അവസാനിക്കുന്ന കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്തെ കായലിന്റെ ദുരവസ്ഥ പരിഹരിക്കുന്നതിനുള്ള വിശാലമായ പദ്ധതിയുടെ തുടക്കമെന്ന നിലയിലാണ് ഇവിടെ പാർക്ക് നിർമ്മിക്കാൻ തീരുമാനിച്ചത്.
മൂന്ന് കോടിയാണ് പദ്ധതി തുക. 2017ലാണ് ടൂറിസം വകുപ്പ് പദ്ധതിക്ക് അനുമതി നൽകിയത്. എം. മുകേഷ് എം.എൽ.എയുടെ അഭ്യർത്ഥനയെ തുടർന്നാണ് പാർക്കിന് ടൂറിസം വകുപ്പ് കഴിഞ്ഞ ദിവസം ആശാന്റെ പേരിടാൻ തീരുമാനിച്ചത്. വൈകാതെ തന്നെ പാർക്കിന്റെ നിർമ്മാണം പൂർത്തിയാകും. ഇപ്പോൾ സന്ധ്യമയങ്ങിയാൽ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്ന ഇവിടെ പാർക്ക് സജീവമാകുന്നതോടെ ജനത്തിരക്കുള്ള ഇടമായി മാറുമെന്നാണ് പ്രതീക്ഷ.
പ്രകൃതി സൗഹൃദ പാർക്ക്
പ്രകൃതിയെ നോവിച്ചുള്ള കാര്യമായ നിർമ്മാണ പ്രവൃത്തികൾ ഇവിടെയില്ല. സ്റ്റീൽ കമ്പികളും പൂച്ചെടികളും വള്ളിച്ചെടികളും കൊണ്ടാണ് ചുറ്റുമതിൽ. അവിടിവിടെ പുൽത്തകിടികളും ഇരിപ്പിടങ്ങളും. കുട്ടികൾക്ക് പ്രത്യേക കളിസ്ഥലവും പൂന്തോട്ടവുമുണ്ടാകും. കലാപരിപാടികൾ അവതരിപ്പിക്കാൻ ഓപ്പൺ സ്റ്റേജുമുണ്ട്.
" കൊല്ലം ബോട്ട് ജെട്ടിയിൽ നിന്ന് ആരംഭിച്ച യാത്രയ്ക്കിടയിലാണ് ആശാൻ ബോട്ട് അപകടത്തിൽ മരിച്ചത്. ആശാന്റെ കാൽപ്പാട് അവസാനമായി പതിഞ്ഞ കൊല്ലത്ത് അദ്ദേഹത്തിന്റെ സ്മാരകം അനിവാര്യമാണ്. അല്പം വൈകിയാണെങ്കിലും അത് യാഥാർത്ഥ്യമാവുകയാണ്."
എം. മുകേഷ് എം.എൽ.എ