ആടിനെ തെരുവുനായ കടിച്ചതിന് പ്രതികാരം ചെയ്ത് കർഷകൻ. അതിനായി നാട്ടിലെ നാൽപതോളം നായകളെ വിഷം വച്ച് കൊന്നു. ഒഡിഷയിലെ കട്ടക്കിലാണ് സംഭവം. കട്ടക്ക് ജില്ലയിലെ ചൂഡ് വാർ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഹംഗ മേഖലയിലാണ് സംഭവം അരങ്ങേറിയത്. നാട്ടിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒരു നായ ബ്രഹ്മാനന്ദ മല്ലിക്കിന്റെ ആടിനെ കടിക്കുകയായിരുന്നു. ഇതിൽ ദേഷ്യം തോന്നിയ ഇയാൾ നാട്ടിലെ മുഴുവൻ നായകളോടും പ്രതികാരം ചെയ്യാൻ തീരുമാനിച്ചു. ഇതിനായി, ഭരത് മല്ലിക്ക് എന്നയാളുമായി ചേർന്ന് ഗൂഢാലോചന നടത്തുകയും ഗ്രാമത്തിലെ മുഴുവൻ നായകളെയും കൊല്ലുകയും ചെയ്തു.
ഇറച്ചി കഷണങ്ങളിൽ വിഷം നിറച്ച് ഗ്രാമത്തിലെ മുഴുവൻ നായകൾക്കും നൽകുകയായിരുന്നു. അതേസമയം, നായ്ക്കൾ വിഷം ഉള്ളിൽ ചെന്ന് പിടയുന്നത് ഹൃദയം തകർക്കുന്ന കാഴ്ച ആയിരുന്നുവെന്നും മനുഷ്യത്വമുള്ളവരെ ഈ കാഴ്ച കുറേ കാലത്തേക്ക് വേട്ടയാടുമെന്നും ഒരു ഗ്രാമീണൻ പറയുന്നു.ഗ്രാമത്തിലെ സർപാഞ്ച് പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, കുറ്റകൃത്യം നടത്തിയതിനു ശേഷം പ്രതികൾ രണ്ടുപേരും ഒളിവിൽ പോയെന്നാണ് നാട്ടുകാർ പറയുന്നത്.