photo
പുത്തൂർ- ഞാങ്കടവ് റോഡിലെ വെള്ളക്കെട്ട്

കൊല്ലം: തകർന്ന പുത്തൂർ - ഞാങ്കടവ് റോഡിൽ യാത്രക്കാർക്ക് വാരിക്കുഴി. കുഴിയിൽ വീണ് നിയന്ത്രണം തെറ്റിയ ബൈക്ക് മൈൽക്കുറ്റിയിൽ ഇടിച്ച് യുവാവ് മരിച്ചതോടെ യാത്രക്കാർ ഭീതിയിലാണ്. വലിയ കുഴികളാണ് പലയിടത്തും രൂപപ്പെട്ടിരിക്കുന്നത്. ഇതിൽ മഴവെള്ളം കെട്ടിനിൽക്കുന്നതിനാൽ ചെറിയ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമാണ്. കശുഅണ്ടി ഫാക്ടറിയ്ക്ക് സമീപത്തായി റോഡിൽ രണ്ടറ്റവും എത്തുന്ന തരത്തിലാണ് കുഴിയും വെള്ളക്കെട്ടും.

കല്ലറ ജംഗ്ഷനിലും സ്കൂൾ ജംഗ്ഷനിലും വലിയ കുഴികളുണ്ട്. തെക്കുംചേരി അച്ചൻവിള പബ്ളിക് ലൈബ്രറിക്ക് സമീപത്ത് നിന്നും ഉപറോഡിലേക്ക് തിരിയുന്ന ഭാഗത്തും വലിയ തോതിൽ വെള്ളം കെട്ടിനിൽക്കുകയാണ്. ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി റോഡിന്റെ മുക്കാൽ പങ്കും വെട്ടിക്കുഴിച്ചിരുന്നു. കുഴിയെടുത്ത ഭാഗത്ത് പച്ചമണ്ണ് മാത്രമിട്ട് ഏറെ നാൾ കിടന്നു. ഇവിടെ കുണ്ടും കുഴിയുമായി ഗതാഗതം തീർത്തും ബുദ്ധിമുട്ടിയപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വരികയും റീ ടാറിംഗ് നടത്തുകയുമായിരുന്നു. എന്നാൽ റോഡിന്റെ ബാക്കി ഭാഗത്തെ അധികൃതർ മറന്നു. ഇവിടെയാണ് ഇപ്പോൾ വലിയ കുഴികൾ രൂപപ്പെട്ടത്.

ബുദ്ധിമുട്ടുകളേറെ....

പുത്തൂരിൽ നിന്ന് കല്ലടയാറിന് കുറുകെയുള്ള ഞാങ്കടവ് പാലം വഴി കടമ്പനാട്, അടൂർ ഭാഗങ്ങളിലേക്ക് പോകുന്ന റോഡാണിത്. എപ്പോഴും വാഹന സഞ്ചാരമുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞതിന്റെ ബുദ്ധിമുട്ടുകൾ ഏറെയുണ്ട്. പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്കും ഇതുവഴി വേണം പോകാൻ. ലോക്ക് ഡൗൺ തീർന്ന് സ്കൂൾ തുറന്നാൽ വിദ്യാർത്ഥികളുടെ സഞ്ചാരവും ദുരിതമാകും. ചെളിവെള്ളത്തിൽക്കൂടിയല്ലാതെ നടക്കാൻ കഴിയില്ല. കശുഅണ്ടി ഫാക്ടറി തൊഴിലാളികളും ഏറെ ദുരിതം സഹിക്കുന്നുണ്ട്. വൃത്തിയും വെടിപ്പുമുള്ള വസ്ത്രമണിഞ്ഞ് ഈ റോഡിൽ കാൽനട യാത്ര ചെയ്താൽ ചെളിവെള്ളം തെറിച്ച് എല്ലാം കുളമാകുമെന്ന നിലയാണ്.

ദുരിതം തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ

റോഡിന്റെ ശനിദശ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഓരോ തവണയും പ്രതിഷേധം രൂക്ഷമാകുമ്പോൾ അത്യാവശ്യ അറ്റകുറ്റപ്പണികൾ നടത്തും. പ്രതിഷേധം അടങ്ങി അധികം കഴിയും മുൻപ് റോഡ് വീണ്ടും തകരും. കോടിക്കണക്കിന് രൂപ ഈ റോഡിന് വേണ്ടി പലപ്പോഴായി വിനിയോഗിച്ചിട്ടുണ്ടെങ്കിലും വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാകുന്നില്ല. ഓടകൾ തെളിച്ച് വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഉണ്ടാക്കുകയും പതിവ് വെള്ളക്കെട്ട് ഭാഗങ്ങളിൽ ഇന്റർലോക്ക് പാകണമെന്നുമാണ് പൊതു ആവശ്യം.