photo
പുത്തൂർ മണ്ഡപത്തിന്റെ പുനർനിർമ്മാണം നിലച്ച നിലയിൽ

കൊല്ലം: പുത്തൂർ മണ്ഡപത്തിന്റെ പുനർനിർമ്മാണം വീണ്ടുംമുടങ്ങി. പഴയ മണ്ഡപം നിന്നിടത്ത് നിന്ന് പുത്തൂർ-ഞാങ്കടവ് റോഡിലേക്ക് മൂന്നര മീറ്റർ അകലത്തിലാണ് പുതിയ മണ്ഡപം നിർമ്മിക്കാൻ തുടങ്ങിയത്. ഗതാഗതത്തിന് ബുദ്ധിമുട്ടില്ലാത്ത വിധത്തിൽ നിർമ്മാണം നടത്താനാണ് ലക്ഷ്യമിട്ടത്. പി. ഐഷാപോറ്റി എം.എൽ.എ അനുവദിച്ച ഏഴര ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം. നിർമ്മിതി കേന്ദ്രത്തിനാണ് ചുമതല.

പഴയ മണ്ഡപത്തിന്റെ കല്ലുകൾ അടുക്കി അടിസ്ഥാനത്തിന്റെ നിർമ്മാണം ആരംഭിച്ചെങ്കിലും പൂർത്തിയാക്കുന്നതിന് കല്ല് തികഞ്ഞില്ല. തമിഴ്നാട്ടിൽ നിന്ന് കൊത്തിയ കല്ല് കൊണ്ടുവരാനാണ് തീരുമാനിച്ചത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടങ്ങിയതോടെ ഇതും നിലച്ചു. ഇതാണ് നിർമ്മാണത്തിന് പാരയായത്. സ്ഥലത്ത് കുറ്റിക്കാടുകൾ വളർന്നുതുടങ്ങി. പട്ടണത്തിന്റെ ഹൃദയഭാഗത്തായതിനാൽ അതും മറ്റൊരും നാണക്കേടാണ്.

എം.സി റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് കുളക്കടയിലെ മണ്ഡപവും പൊളിച്ചെങ്കിലും പിന്നീട് മനോഹരമായി പുനർനിർമ്മിച്ച് നാടിന് സമർപ്പിച്ചിരുന്നു. കുളക്കടയിലേത് പൊളിക്കുന്നതിന് ഏറെ മുൻപാണ് പുത്തൂരിലെ മണ്ഡപം തകർന്നത്. അൽപ്പം വൈകിയാണെങ്കിലും നാടിന്റെ മുഖശ്രീയായി മണ്ഡപം ഉയർന്നുവരുമെന്നുതന്നെയാണ് നാട്ടുകാരുടെ പ്രതീക്ഷ.

പുത്തൂരിന്റെ അടയാളം

പവിത്രേശ്വരം, നെടുവത്തൂർ, കുളക്കട ഗ്രാമപഞ്ചായത്തുകളുടെ സംഗമസ്ഥലമായ പുത്തൂരിന്റെ എക്കാലത്തെയും അടയാളമാണ് കൊട്ടാരക്കര- ശാസ്താംകോട്ട റോഡരികിലെ മണ്ഡപം. രാജഭരണകാലത്ത് നാട്ടുകൂട്ടം കൂടിയിരുന്നത് ഇതിലാണ്. തച്ചുശാസ്ത്രത്തിന്റെ ഉദാത്ത മാതൃകയായി ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള മണ്ഡപം പിന്നീട് വഴയോരത്തെ കാത്തിരിപ്പ് കേന്ദ്രമായി മാറുകയായിരുന്നു. 2016 നവംബർ 30ന് കെ.എസ്.ആർ.ടി.സി ബസിടിച്ച് മണ്ഡപം പൂർണമായും നിലംപൊത്തിയതാണ്. മണ്ഡപം നിന്നിരുന്നിടത്തുനിന്നും മൂന്നര മീറ്റർ അകലമിട്ട് ഞാങ്കടവ് റോഡിലാണ് പുനർനിർമ്മിക്കുന്നത്.