പുനലൂർ: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുനലൂർ താലൂക്കിൽ നിന്ന് വിദേശ രാജ്യങ്ങളിൽ ജോലി ചെയ്തു വരുന്ന 5000 ത്തോളം പ്രവാസികൾ തിരികെ മടങ്ങിയെത്തും. പുനലൂർ ആർ.ഡി.ഒ ബി. ശശികുമാറാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ശേഖരിച്ച് മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ താലൂക്കിലെ ആറ് പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, പുനലൂർ നഗരസഭാ ഭരണാധികാരികൾ എന്നിവരെ കഴിഞ്ഞ ദിവസം പുനലൂരിൽ ചേർന്ന സംയുക്ത യോഗത്തിൽ ആർ.ഡി.ഒ ചുമതലപ്പെടുത്തി. ഇവർ നാട്ടലെത്തുമ്പോൾ താമസിപ്പിക്കാൻ ആവശ്യമായ ക്വാറന്റൈൻ സൗകര്യങ്ങൾ ഒരുക്കാനാണ് വിവരങ്ങൾ ശേഖരിക്കുന്നത്. താലൂക്കിൽ നിന്ന് വിദേശ രാജ്യങ്ങളിലും അയൽ സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്നതും താമസിക്കുന്നതുമായ മലയാളികളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. പുനലൂർ നഗരസഭാ ചെയർമാൻ കെ.എ. ലത്തീഫ്, തഹസിൽദാർമാരായ ജി. നിർമ്മൽ കുമാർ, ബിനുരാജ്, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ വി. രാജൻ, ആർ. പ്രദീപ്, എം. ഹംസ, ശോഭ ഷിബു, പഞ്ചായത്ത് സെക്രട്ടറിമാരായ എം. രാജു, പത്മജ തോമസ് തുടങ്ങിയവർ സംയുക്ത യോഗത്തിൽ പങ്കെടുത്തു.
കണക്ക് അടിയന്തരമായായി ശേഖരിക്കും
വിദേശ രാജ്യങ്ങളിലും അയൽ സംസ്ഥാനങ്ങളിലും നിന്ന് നാട്ടിലേക്ക് മടങ്ങിയെത്താൻ സാദ്ധ്യതയുള്ള വിവിധ പഞ്ചായത്തുകളിലെയും നഗരസഭാ പ്രദേശങ്ങളിലെയും ആളുകളുടെ കണക്ക് അടിയന്തരമായ ശേഖരിച്ച് മൂന്ന് ദിവസത്തിനുള്ളിൽ നൽകാൻ യോഗത്തിൽ തീരുമാനമായി. ഓരോ പഞ്ചായത്തുകളിലെയും വാർഡുകളിലെയും കണക്കുകൾ പ്രത്യേകമായി തരം തിരിച്ച് നൽകണം.
ഇടമുളയ്ക്കൽ പഞ്ചായത്ത് നേരത്തേ തന്നെ വിവര ശേഖരണം നടത്തിയിട്ടുണ്ട്. 4240 പേർ ഇടമുളയ്ക്കൽ പഞ്ചായത്തിൽ നിന്ന് വിദേശത്ത് പോയിട്ടുണ്ട്. ഇതിൽ 1240 പ്രവാസികൾ നാട്ടിലേക്ക് തിരിച്ചുവരാൻ പേര് രജിസ്റ്റർ ചെയ്തു.
രവീന്ദ്രനാഥ്, ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ്
ക്വാറന്റൈൻ
പുറത്ത് നിന്നെത്തുന്നവർക്ക് സാമ്പത്തികാവസ്ഥയുടെ അടിസ്ഥാനത്തിൽ പെയ്ഡ്, അൺപെയ്ഡ് ക്വാറന്റൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തും. താലൂക്കിൻെറ വിവിധ പ്രദേശങ്ങളിലാണ് ഇവരെ നിരീക്ഷണങ്ങളിൽ പാർപ്പിക്കുന്നത്.