പടിഞ്ഞാറേകല്ലട: പടിഞ്ഞാറേകല്ലട പഞ്ചായത്തിലെ കോതപുരം വാർഡിൽ കെട്ടിടത്തിൽ ചരുവിലുണ്ടായ മണ്ണിടിച്ചിലിൽ വീട് ഭാഗീകമായി തകർന്നു.
നല്ലത്തറയിൽ വീട്ടിൽ വിശ്വനാഥന്റെ വീടാണ് നശിച്ചത്. കഴിഞ്ഞ രാത്രിയിൽ പെയ്ത മഴയിലാണ് മണ്ണിടിഞ്ഞത്. രോഗികളായ വൃദ്ധ ദമ്പതികൾ മാത്രമാണ് ഇവിടെ താമസം. അടുക്കളയോട് ചേർന്ന ഭാഗം മാത്രം തകർന്നതിനാൽ ഇവർ അത്ഭുതരമായി രക്ഷപ്പെട്ടു.
അപകട സ്ഥലം സന്ദർശിച്ച വില്ലേജ് ഓഫീസർ ജീന, വാർഡ് മെമ്പർ ആ.ർ ജോസ് എന്നിവർ ചേർന്ന് വിശ്വനാഥനെയും കുടുംബത്തെയും മാറ്റിപ്പാർപ്പിക്കാൻ വേണ്ട നടപടി സ്വീകരിച്ചു. കഴിഞ്ഞ കുറേനാളുകളായി മേഖലയിൽ അടിക്കടി മണ്ണിടിച്ചിൽ ഉണ്ടാകുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് കുറച്ചുസ്ഥലത്തെ മണ്ണ് ജിയോളജി വകുപ്പ് നീക്കം ചെയ്തിരുന്നു. മഴക്കാലമായതിനാൽ ശേഷിക്കുന്ന ഭാഗത്തെ മണ്ണും അടിയന്തരമായി നീക്കിയില്ലെങ്കിൽ മറ്റ് വീടുകളും തകരാൻ സാദ്ധ്യയുണ്ട്. അങ്ങനെ സംഭവിച്ചാൽ വൻ ദുരന്തമാകും ഫലം. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
രണ്ടാംഘട്ട പാസ് വേണം
കുന്നിൻചരിവിലെ അഞ്ച് വീടുകൾക്ക് ഭീഷണിയായി നിന്നിരുന്ന മലമുകളിലെ മണ്ണ് നീക്കം ചെയ്യാനാണ് ജിയോളജി വകുപ്പ് നേരത്തെ അനുമതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞയാഴ്ച മുതൽ ജെ.സി.ബി ഉപയോഗിച്ച് മലമുകളിലെ മണ്ണ് നീക്കം ചെയ്തു തുടങ്ങിയിരുന്നു. 93 മീറ്റർ നീളത്തിലും 12 മീറ്റർ ഉയരത്തിലും മൂന്നു തട്ടുകളായി തിരിച്ച് മണ്ണ് നീക്കാനായിരുന്നു നടപടി. ആദ്യഘട്ടമെന്ന നിലയിൽ അനുവദിച്ച പാസിനുള്ള മണ്ണ് എടുത്തു കഴിഞ്ഞു. രണ്ടാം ഘട്ട പാസ് അനുവദിച്ചാൽ മാത്രമേ ഇനിയുള്ള മണ്ണ് നീക്കം ചെയ്യാൻ സാധിക്കൂ