മൺറോത്തുരുത്ത്: രണ്ട് വർഷം മുമ്പ് ശിലാസ്ഥാപനം നടത്തിയ മൺറോത്തുരുത്ത് പഞ്ചായത്തിലെ പെരുങ്ങാലം - കൊന്നയിൽ കടവ് പാലം നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. പാലം നിർമ്മാണം നീളുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പെരുങ്ങാലം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ആറുനീന്തൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മണ്ഡലം പ്രസിഡന്റ് സേതുനാഥ് അദ്ധ്യക്ഷത വഹിച്ചു. കല്ലട രമേശ്, വൈ. ഷാജഹാൻ, സന്തോഷ് തുപ്പാശേരി, തുണ്ടിൽ നൗഷാദ്, ഉല്ലാസ് കോവൂർ തുടങ്ങിയവർ സംസാരിച്ചു.
രണ്ട് കിലോമീറ്ററോളം ചതുപ്പിലൂടെയുള്ള ഒറ്റയടിപ്പാത താണ്ടി കൊന്നയിൽ കടവിലെ കടത്തുകടന്നാണ് പെരുങ്ങാലം ദ്വീപിലെത്തേണ്ടത്. ഇതിന് പരിഹാരമായി പാലം നിർമ്മിക്കുന്നതിന് സംസ്ഥാന ബഡ്ജറ്റിൽ നിന്ന് 26 കോടി രൂപ അനുവദിച്ചു. 2018 ജൂലായ് 12ന് തറക്കല്ലിടീൽ നടന്നെങ്കിലും പാലം പണി തുടങ്ങിയില്ല.