കൊട്ടിയം: വയോധികന്റെ മൃതദേഹം സംസ്കരിക്കുന്നതിന് കൊണ്ടുപോകാൻ ഇടുങ്ങിയ വഴിയിലൂടെ കാൽനടയായി ചുമന്ന് ബന്ധുക്കൾ. പാലത്തറ സൂര്യനഗറിലെ താമസക്കാരനായ ലോട്ടറി തൊഴിലാളി ശരത്ചന്ദ്രന്റെ (72) മൃതദേഹമാണ് നൂറ്റിയൻപത് മീറ്ററോളം ചുമന്ന് പുറത്തെത്തിക്കേണ്ടി വന്നത്.
വാർദ്ധക്യ സഹജമായ അസുഖം മൂലം വീട്ടിൽ കിടപ്പിലായിരുന്ന ശരത്ചന്ദ്രൻ ഇന്നലെ പുലർച്ചെയോടെയാണ് മരണപ്പെട്ടത്. വീട്ടിൽ നിന്ന് പൊതുറോഡിലെത്തിക്കാൻ മറ്റ് മാർഗമില്ലാത്തതിനാൽ ബന്ധുക്കളും നാട്ടുകാരും ചേർന്ന് മൃതദേഹം ചുമന്ന് കൊണ്ടുപോകുകയായിരുന്നു.
ഈ വഴിയുടെ വീതി കൂട്ടണമെന്നത് പ്രദേശവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ്. ഒരാൾക്ക് നിവർന്ന് നടന്നുപോകാൻ പോലും കഴിയാത്ത വഴിയിൽ മഴയായതോടെ മലിനജലവും കെട്ടിനിൽക്കുകയാണ്. അടുത്തുള്ള ആളൊഴിഞ്ഞ പുരയിടക്കാർ സ്ഥലം വിട്ടുനൽകാത്തത് മൂലമാണ് ഈ ദുരിതത്തിന് അറുതിയാകാത്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ശരത്ചന്ദ്രന്റെ കുടുംബത്തിലേത് പോലെ തന്നെ മറ്റ് പലർക്കും സമാന അനുഭവമുണ്ട്. രാത്രി കാലങ്ങളിൽ ആരെയെങ്കിലും ആശുപ ത്രിയിൽ എത്തിക്കണമെങ്കിലും ചുമന്ന് കൊണ്ടുപോകുക മാത്രമേ രക്ഷയുള്ളൂ.