poli

പുനലൂർ: ലഹരി വസ്തുക്കളുമായി പുനലൂർ പൊലിസ് അറസ്റ്റ് ചെയ്ത കോവിഡ് രോഗിയായ വ്യാപാരിയുടെ മകൻ ഉൾപ്പെടെ മൂന്ന് പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു മകനെക്കൂടാതെ വിദേശത്ത് നിന്നെത്തി ക്വാറന്റൈനിലായിരുന്ന കറവൂർ സ്വദേശിക്കും ബോംബയിൽ നിന്നെത്തിയ ഉറുകുന്ന് സ്വദേശി എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇവരും പുനലൂർ ടൗണിലെ വ്യാപാരികളും ഉൾപ്പെടെയുളള 130ഓളം പേരുടെ സ്രവം രണ്ട് ദിവസം മുമ്പ് ശേഖരിച്ചിരുന്നു. പുനലൂർ നഗരസഭയിലെ മുസാവരികുന്ന് സ്വദേശിയായ വ്യാപാരിയെ അറസ്റ്റ് ചെയ്ത ശേഷം പൊലീസ് സ്റ്റേഷനിൽ പാർപ്പിച്ചതിനാൽ ഇന്ന് എല്ലാ പൊലീസുകാരുടെയും സ്രവം ശേഖരിക്കും.

വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളുമായി സമ്പർക്കം പുലർത്തിയെന്ന് സംശയിക്കുന്ന 160പേരുടെ സ്രവം ഇന്നലെ വരെ ശേഖരിച്ചിരുന്നു. കൂടാതെ പുനലൂർ പട്ടണത്തിലെ എല്ലാ വ്യാപാരികളുടെയും സ്രവ പരിശോധന നടത്തും.19ന് പുനലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ വ്യാപാരശാലയിൽ നിന്നാണ് ലഹരി വസ്തുക്കളുമായി കച്ചവടക്കാരനെ പൊലിസ് അറസ്റ്റ് ചെയ്തത്.

വ്യാപാരിയുമായി സമ്പർക്കം പുലർത്തിയ പുനലൂർ സി.ഐ അടക്കം 16 പൊലീസുകാർ ക്വാറന്റൈനിൽ പ്രവേശിച്ചിരുന്നു. ഇത് കണക്കിലെടുത്ത് നഗരസഭയിലെ ടൗൺ വാർഡ് ഉൾപ്പെടെ അഞ്ച് വാർഡുകൾ കണ്ടെയിൻ മെന്റായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.