pravasi

 സൗജന്യ നിരീക്ഷണമില്ലാതെ ഭയപ്പെടുത്തി മടക്കുന്നു


കൊല്ലം: ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് നിരീക്ഷണ കേന്ദ്രങ്ങളിൽ സൗജന്യ താമസം ഉറപ്പാക്കുമെന്ന സർക്കാർ പ്രഖ്യാപനം ജില്ലയിൽ പാളി. സൗജന്യ നിരീക്ഷണ കേന്ദ്രങ്ങളിൽ കഴിയാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രവാസികളിൽ പലരെയും ഭയപ്പെടുത്തിയും അപഹസിച്ചും സ്വന്തം വീടുകളിലേക്ക് പറഞ്ഞയയ്ക്കുന്ന പരാതികളേറെയാണ്.

ആരോഗ്യരംഗത്തെ നമ്മുടെ നേട്ടങ്ങൾ ലോകം പുകഴ്ത്തുമ്പോഴാണ് നിരാശ്രയായ പ്രവാസികളെ അപഹസിക്കുന്ന ഗുരുതര വീഴ്ച തുടരുന്നത്. നിരീക്ഷണ കേന്ദ്രങ്ങളിലെ സൗജന്യ താമസം ഒഴിവാക്കിയതിന് പിന്നാലെ പ്രതിഷേധങ്ങൾ ഉയർന്നപ്പോഴാണ് പണമില്ലാത്തവർക്ക് തുടർന്നും സൗജന്യ താമസം അനുവദിക്കുമെന്ന് സർക്കാർ നിലപാടെടുത്തത്.

ഇത് വിശ്വസിച്ചെത്തിയവരിൽ പലരും നിരാശരായി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമില്ലാത്തവരാണ് പ്രവാസികളിൽ മിക്കവരും. കക്കൂസ് സൗകര്യമുള്ള മുറി സാധാരണക്കാരായ പലർക്കുമില്ല. വീടുകളിൽ പ്രായമായവരും രോഗികളും കുട്ടികളുമുണ്ട്. പണം നൽകി തങ്ങുന്ന നിരീക്ഷണ കേന്ദ്രങ്ങളിലും സ്ഥിതി ഗുരുതരമാണ്. ആവശ്യമായ സൗകര്യങ്ങളും സമയത്ത് ഭക്ഷണവും സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ലഭിക്കുന്നില്ലെന്ന പരാതികൾക്ക് പരിഹാരം കാണാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല.

അപമാനിക്കരുത്, നിലയ്ക്ക് നിറുത്തണം


നിരീക്ഷണ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പരാതികളും വിമർശനങ്ങളും ഉയരുമ്പോൾ പരിഹരിക്കേണ്ട ബാദ്ധ്യത ജില്ലാ ഭരണകൂടത്തിനും സർക്കാർ വകുപ്പുകൾക്കുമുണ്ട്. നിരാശ്രയരായി മടങ്ങിയെത്തുന്ന പ്രവാസികളിൽ നിന്ന് ഒരേ സ്വഭാവത്തിലുള്ള പരാതികൾ ഉയരുന്നതിനെ ഗൗരവമായി കണ്ടേ മതിയാകൂ. പണം മുടക്കി ഹോട്ടൽ മുറികളിൽ കഴിയാൻ ശേഷിയില്ലാത്തവർ, വീട്ടിൽ മതിയായ സൗകര്യമില്ലാത്തവർ തുടങ്ങിയവരാണ് സൗജന്യ കേന്ദ്രങ്ങൾ ആവശ്യപ്പെടുന്നത്. അവരുടെ നിസഹായതയെ ആരെങ്കിലും അപമാനിക്കാൻ ശ്രമിച്ചാൽ അവരെ നിലയ്ക്ക് നിറുത്തേണ്ട ബാദ്ധ്യത സർക്കാർ വകുപ്പുകളുടെ തലവൻമാർക്കുണ്ട്.

ആവർത്തിക്കാൻ പാടില്ലാത്ത വീഴ്ചകൾ


ആറുമാസത്തെ ദുരിത ജീവിതം അവസാനിച്ചെന്ന പ്രതീക്ഷയിൽ ഇന്നലെ പുലർച്ചെ ദുബായിൽ നിന്ന് തിരുവനന്തപുരത്തെത്തിയ കൊല്ലം ചിന്നക്കട സ്വദേശി നേരിട്ട ബുദ്ധിമുട്ടുകൾ കണ്ടില്ലെന്ന് നടിക്കാനാകില്ല. ജനുവരി ഏഴിനാണ് അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് 58 കാരൻ തിരികെ പോയത്. തീയേറ്റർ ഓപ്പറേറ്ററായ ഇദ്ദേഹം ജോലിയിൽ പ്രവേശിച്ച് അധികം വൈകാതെ നിയന്ത്രണങ്ങൾ വന്നതോടെ സിനിമാശാല അടച്ചു. ചെയ്ത ജോലിയുടെ ശമ്പളം പോലും ലഭിക്കാതെ നാട്ടിലേക്ക് മടങ്ങാനുള്ള അവസരം കാത്ത് അവിടെ മുറിയിൽ തങ്ങി. ഇന്നലെ പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോൾ തന്നെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതനസരിച്ച് കെ.എസ്.ആർ.ടി.ബസിൽ കരുനാഗപ്പള്ളിയിലെത്തിച്ചു. നിരീക്ഷണ കേന്ദ്രത്തിലേക്ക് പോകാമെന്ന വിശ്വാസത്തിലെത്തിയപ്പോൾ ആരോഗ്യ പ്രവർത്തകർ നിലപാട് മാറി. ടാക്‌സി വിളിച്ച് വീട്ടിൽ പോകണമെന്ന് കർശനമായി ആവശ്യപ്പെട്ടു. ബൈപ്പാസ് സർജറി കഴിഞ്ഞ ഭാര്യാ മാതാവ് ഉൾപ്പെടെയുള്ളവർ വാടക വീട്ടിലുണ്ടെന്നും നിരീക്ഷണത്തിൽ കഴിയാനുള്ള സൗകര്യങ്ങളില്ലെന്നും ആവർത്തിച്ച് പറഞ്ഞിട്ടും പരിഗണിച്ചില്ല. വീട്ടിലേക്ക് പോകാതെ ഇവിടെ നിന്നാൽ ദിവസം 1,800 രൂപ വാടകയുള്ള ഹോട്ടലിലേക്ക് മാറ്റുമെന്ന ഭീഷണികൂടി വന്നതോടെ നിവൃത്തിയില്ലാതെ ടാക്‌സിയിൽ കയറി. കരുനാഗപ്പള്ളിയിയിൽ നിന്ന് കൊല്ലത്തെത്താൻ 1,200 രൂപയാണ് വാടക കൊടുക്കേണ്ടിവന്നത്. രണ്ടാഴ്ച മുമ്പ് സമാനമായ ഭീഷണി നേരിട്ടത് കരുനാഗപ്പള്ളി സ്വദേശിയായ യുവാവിനാണ്.


പരിഗണനവേണം, പരിഹാരവും


1. നിരീക്ഷണ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികൾ പരിഹരിക്കണം

2. പണം കൊടുത്ത് ഉപയോഗിക്കുന്ന നിരീക്ഷണ കേന്ദ്രങ്ങളിലും ഭക്ഷണം കിട്ടുന്നില്ലെന്ന പരാതികൾ

3. നിരാശ്രയരായി മടങ്ങിയെത്തുന്നവരോടുള്ള പെരുമാറ്റത്തിലും അനുകമ്പ അനിവാര്യം

4. പ്രവാസികളെ പാർപ്പിക്കാനായി ജില്ലയിൽ കണ്ടെത്തിയ പതിനയ്യായിരത്തിലേറെ മുറികൾ പൂർണമായും ഉപയോഗപ്പെടുത്തണം

5. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണിയുടെ സ്വരത്തിന് വിലങ്ങിടണം


''

പ്രതീക്ഷിക്കാത്ത പെരുമാറ്റമാണ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടായത്. നിസഹായത ആവർത്തിച്ച് പറഞ്ഞിട്ടും പരിഗണിക്കാൻ ശ്രമിച്ചതേയില്ല. ഇവിടെ നിന്നാൽ 1,800 രൂപ വാടകയുള്ള മുറിയിലേക്ക് മാറ്റുമെന്നും പറഞ്ഞു.


ഇന്നലെ മടങ്ങിയെത്തിയ

ചിന്നക്കട സ്വദേശി


''

തദ്ദേശ സ്ഥാപനങ്ങൾ പരിശോധന നടത്തി വീട്ടിൽ സൗകര്യങ്ങളില്ലെന്ന് അറിയിക്കുന്നവർക്കാണ് സൗജന്യ നിരീക്ഷണ കേന്ദ്രം അനുവദിക്കുന്നത്. ആരോഗ്യ പ്രവർത്തകർ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ മോശമായി പെരുമാറിയെങ്കിൽ പരാതി എഴുതി നൽകണം. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തും. വീഴ്‌ച വരുത്തിയ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ മുൻപ് സസ്പെൻഡ് ചെയ്തിരുന്നു.


ബി. അബ്ദുൽ നാസർ

ജില്ലാ കളക്ടർ