രണ്ടു കോടിയോളം രൂപ അധികമായി അനുവദിച്ചു
കൊല്ലം: കുരീപ്പുഴയിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന നഗരസഭയുടെ മലിനജല സംസ്കരണ പദ്ധതിയുടെ (സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്) ഭരണാനുമതി പുതുക്കി. നേരത്തെ അനുവദിച്ചതിനേക്കാൾ 1.91 കോടി രൂപ കൂടി അധികമായി നൽകിയാണ് ഭരണാനുമതി പുതുക്കിയത്.
30 കോടി രൂപയാണ് പദ്ധതിക്ക് ആദ്യം അനുവദിച്ചിരുന്നത്. എന്നാൽ ഏറ്റവും കുറഞ്ഞ ടെണ്ടർ തുക എസ്റ്റിമേറ്റിനേക്കാൾ ഏറെ ഉയർന്നതായിരുന്നു. പദ്ധതി നടപ്പാക്കാൻ അധികമായി വേണ്ടിവരുന്ന തുക കൂടി ചേർത്ത് 31.91 കോടിയുടെ അനുമതിയാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.
നഗരസഭ ഉപേക്ഷിച്ച വസൂരിച്ചിറിയിലെ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റിനായി നീക്കിവച്ച തുകയാണ് ഇതിനായി ചെലവഴിക്കുന്നത്. ഉത്തരേന്ത്യൻ കമ്പനിക്കാണ് കരാർ ലഭിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ കാരണമാണ് കരാർ ഒപ്പിടൽ വൈകിയത്. അടുത്തയാഴ്ചയോടെ കമ്പനി പ്രതിനിധികളെത്തി കരാർ ഒപ്പിട്ട ശേഷം നിർമ്മാണം ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ തുടങ്ങും.
മലിനജല സംസ്കരണ പദ്ധതി ഇപ്രകാരം
കുരീപ്പുഴയിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള 15 ഏക്കർ ഭൂമിയിൽ 1.45 ഏക്കറിലാകും പ്ലാന്റ് സജ്ജമാക്കുക
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്ലാന്റിലെത്തുന്ന മലിനജലം അഞ്ച് ഘട്ടങ്ങളായി ശുദ്ധീകരിക്കും
വേർതിരിച്ചെടുക്കുന്ന ശുദ്ധജലം അഷ്ടമുടി കായലിലേക്ക് ഒഴുക്കും
ഖരപദാർത്ഥം വളമാക്കി കൃഷിക്ക് നൽകും
പ്രത്യേകത: പരിസ്ഥിതിക്ക് ദോഷമുണ്ടാകുന്ന ഒരുപദാർത്ഥവും പുറന്തള്ളില്ല
പരിസ്ഥിതിക്ക് കോട്ടം തട്ടാതിരിക്കാൻ ജൈവ ചുറ്റുമതിലും സസ്യങ്ങളും
പ്ളാന്റിന്റെ പ്രവർത്തനം മൂലം പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പ്ലാന്റ് വളപ്പിൽ വൃക്ഷങ്ങൾ കൊണ്ടുള്ള ജൈവ ചുറ്റുമതിൽ തീർക്കും. ചെറിയ ദുർഗന്ധമുണ്ടായാലും പരിസരത്ത് വ്യാപിക്കാതിരിക്കാൻ അന്തരീക്ഷത്തിലെ ഖര, ദ്രവാംശം വലിച്ചെടുക്കുന്ന സസ്യങ്ങൾ വച്ചുപിടിപ്പിക്കും. ശേഷിക്കുന്ന സ്ഥലത്ത് മുളയും പെട്ടെന്ന് വളരുന്ന ഔഷധ സസ്യങ്ങളും പൂച്ചെടികളും നട്ടുവളർത്തും.
സർവകലാശാലകളിലെ ബോട്ടണി വിഭാഗത്തിന്റെ സഹായത്തോടെയാകും ഇവിടെ വച്ചുപിടിപ്പിക്കേണ്ട സസ്യങ്ങളും വൃക്ഷങ്ങളും തിരഞ്ഞെടുക്കുക.
60 ശതമാനം പൈപ്പ് ലൈനുകൾ സ്ഥാപിച്ചു
നഗരത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് മലിനജലം കുരീപ്പുഴയിൽ എത്തിക്കുന്നതിനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കൽ 60 ശതമാനം പൂർത്തിയായിട്ടുണ്ട്. ശേഷിക്കുന്ന പ്രവൃത്തികൾ പൂർത്തീകരിക്കാൻ തീവ്രശ്രമം നടക്കുകയാണ്. ശേഷിക്കുന്ന പൈപ്പ് ലൈൻ സ്ഥാപിക്കാൻ പുതിയ ടെണ്ടർ ക്ഷണിക്കും.
''കരാർ ലഭിച്ച ഉത്തരേന്ത്യൻ കമ്പനിയുടെ എറണാകുളത്തെ പ്രതിനിധികൾ അടുത്തയാഴ്ചയെത്തും, ലോക്ക് ഡൗൺ കാരണം നടപടികൾ അല്പം വൈകി. ഇനിയുള്ളവ വേഗത്തിലാക്കും"
എസ്. സന്തോഷ് (വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയർ, കൊല്ലം)
...........................................................
പഴയ ഭരണാനുമതി: 30 കോടി
പുതിയ ഭരണാനുമതി: 31.91 കോടി