photo
ഗാഡ തുണി ഉല്പാദിപ്പിക്കുന്ന കൈത്തറി

കരുനാഗപ്പള്ളി: മാനദണ്ഡങ്ങൾക്ക് വിധേയമായി ലോക്ക് ഡൗണിന് സർക്കാർ ഇളവുകൾ ഏർപ്പെടുത്തിയെങ്കിലും കൈത്തറി, നെയ്ത്ത് വ്യവസായം പച്ചപിടിക്കുന്നില്ല. കേരള കൈത്തറി വികസന കോർപ്പറേഷന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സബ് സെന്ററുകളാണ് തൊഴിൽ പ്രതിസന്ധി നേരിടുന്നത്. കരുനാഗപ്പള്ളിയിലെ സബ് സെന്ററുകളിൽ 50 ഓളം കൈത്തറി, നെയ്ത്ത് തൊഴിലാളികളാണ് വീടുകളിൽ ഇരുന്ന് ജോലി ചെയ്യുന്നത്. ഇതുപോലെ കേരളത്തിലുടനീളം സബ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ലോക്ക് ഡൗണിന് ശേഷം നൂല് ലഭ്യമാക്കാൻ കഴിയാത്തതിനാൽ സബ് സെന്ററുകളുടെ പ്രവർത്തനം ഏതാണ്ട് നിലച്ച മട്ടാണ്. കണ്ണൂർ കേന്ദ്രമാക്കിയുള്ള സംഭരണ കേന്ദ്രത്തിൽ നിന്നാണ് നൂലുകൾ കോർപ്പറേഷന്റെ സബ് സെന്ററുകളിലേക്ക് എത്തുന്നത്. തൊഴിൽ നിലച്ചതോടെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാതെ വലയുകയാണ് കൈത്തറി, നെയ്ത്ത് തൊഴിലാളികൾ.

സ്തംഭനത്തിലായ കൈത്തറി വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. തൊഴിൽ മുടങ്ങിയതിനൊപ്പം കഴിഞ്ഞ 4 മാസമായി വേതനവും കിട്ടുന്നില്ല.

കൈത്തറി, നെയ്ത്ത് തൊഴിലാളികൾ

കേരള കൈത്തറി വികസന കോർപ്പറേഷന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കരുനാഗപ്പള്ളിയിലെ സബ് സെന്ററുകളിൽ 50 ഓളം കൈത്തറി, നെയ്ത്ത് തൊഴിലാളികളാണ് വീടുകളിൽ ഇരുന്ന് ജോലി ചെയ്യുന്നത്.

പ്രതിസന്ധിയുടെ കാരണം

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ കണ്ണൂർ കേന്ദ്രമാക്കിയുള്ള സംഭരണ കേന്ദ്രത്തിൽ നിന്നുള്ള നൂലിന്റെ വരവ് നിലച്ചതാണ് നിലവിലുള്ള വലിയ പ്രതിസന്ധിക്ക് കാരണമെന്ന് തൊഴിലാലികൾ പറയുന്നു. ഇതോടെ കൈത്തറി, നെയ്ത്ത് തൊഴിലാളി കുടുംബങ്ങളുടെ ജീവിതം ദുരിതപൂർണമായി. വീടുകളിലെ തറികളിൽ ഉത്പാദിപ്പിക്കുന്ന തുണി ആഴ്ചയിൽ ഒരിക്കൽ സബ് സെന്ററുകളിൽ എത്തിക്കും. ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടർ തുണിയുടെ ഗുണനിലവാരം പരിശോധിച്ച ശേഷമാണ് എടുക്കുന്നത്. ശമ്പളം ബാങ്കുകളിലാണ് എത്തുന്നത്.

ഒരു മീറ്റർ തുണിക്ക് 80 രൂപ കൂലി

കേരളത്തിലെ സർക്കാർ ആശുപത്രികളിലേക്ക് ആവശ്യമുള്ള ഷീറ്റുകൾ തയ്യാറാക്കുന്നതിനായി കട്ടിയുള്ള ഗാഡ തുണിയാണ് ഉപയോഗിക്കുന്നത്. ഒരു മീറ്റർ തുണി നെയ്താൽ 80 രൂപ കൂലി ലഭിക്കും. ആവശ്യത്തിന് നൂല് ഉണ്ടെങ്കിൽ ഒരു പുരുഷ തൊഴിലാളി ഒരു ദിവസം 10 മീറ്ററോളം തുണി ഉത്പാദിപ്പിക്കും. ആഴ്ചയിൽ 55 മീറ്റർ തുണി ഉത്പാദിപ്പിച്ചാൽ കൂലിക്ക് പുറമേ 1000 രൂപാ ഇൻസെന്റീവ് കൂടി തൊഴിലാളികൾക്ക് ലഭിക്കും. ആവശ്യത്തിന് നൂല് ലഭിച്ചാൽ ഒരു കുടുംബത്തിന് അല്ലലില്ലാതെ ജീവിക്കാനുള്ള വരുമാനം നെയ്ത്ത് വ്യവസായത്തിൽ നിന്നു തന്നെ ലഭിക്കും.