fish

 കച്ചവടക്കാർ ഈടാക്കുന്നത് കൊള്ള ലാഭം

കൊല്ലം: മത്സ്യത്തിന്റെ കൊള്ളവിലയ്ക്ക് തടയിടാൻ കളക്ടർ പ്രസിദ്ധീകരിച്ച ന്യായവില പട്ടികയ്ക്ക് കടലാസിന്റെ വില പോലും കൽപ്പിക്കാതെ കച്ചവടക്കാർ. കളക്ടറുടെ ഇടപെടൽ വന്നതോടെ മാംസവില ഒരുപരിധിവരെ കുറഞ്ഞെങ്കിലും മത്സ്യക്കച്ചവടക്കാർ കൊള്ളലാഭം കൊയ്യുകയാണ്.

കളക്ടർ കിലോ കണക്കിനാണ് മത്സ്യത്തിന്റെ വില നിശ്ചയിച്ചിരിക്കുന്നത്. പക്ഷെ ഭൂരിഭാഗം കച്ചവടക്കാരും ഇടത്തരം മത്സ്യങ്ങൾ എണ്ണിയാണ് വിൽക്കുന്നത്. ചെറുമത്സ്യങ്ങൾ കൈ അളവിൽ വാരിവച്ചുമാണ് കച്ചവടം. ഒരു കിലോയിൽ 30 ഇടത്തരം ചാളയെങ്കിലും തൂങ്ങും. കളക്ടറുടെ ന്യായവില പ്രകാരം കൊല്ലം തീരത്ത് നിന്നും 25 കിലോ മീറ്റർ അപ്പുറമുള്ള പാരിപ്പള്ളിയിൽ 280 രൂപയ്ക്ക് 25 ചാള കിട്ടണം. പക്ഷെ ചന്തകളിൽ നൂറ് രൂപയ്ക്ക് പരമാവധി കിട്ടുന്നത് എട്ട് ചാളയാണ്. ചൂരയ്ക്കും നെയ്മീനുമൊക്കെ പൊന്നിന്റെ വിലയാണ്. കളക്ടറുടെ ന്യായവിലയെപ്പറ്റി കച്ചവടക്കാർ അറിഞ്ഞ ലക്ഷണം പോലുമില്ല.

നടപ്പാക്കാൻ ശ്രമമില്ല

കളക്ടർ ന്യായവില പരിഷ്കരിച്ച് പ്രസിദ്ധീകരിച്ചിട്ട് ഒരാഴ്ചയോളമായിട്ടും ചന്തകളിലും വഴിയോരങ്ങളിലും അമിതവില ഈടാക്കുന്നുണ്ടോയെന്ന പരിശോധന നടന്നിട്ടില്ല. കോഴിക്കടകളിൽ മാത്രമാണ് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരെത്തിയിട്ടുള്ളത്. അമിതവില ഈടാക്കിയാൽ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരോട് പരാതിപ്പെടാനാണ് കളക്ടറുടെ നിർദ്ദേശം. എന്നാൽ തുടർച്ചയായി പരാതി പറഞ്ഞിട്ടും പൊതുവിതരണ ഉദ്യോഗസ്ഥർ അനങ്ങുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.

നമ്മളെക്കൊണ്ട് വയ്യേ

ചന്തകളിൽ പോയി പരിശോധിക്കാൻ നമ്മളെക്കൊണ്ട് വയ്യേ എന്നാണ് ഒരു പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥന്റെ പ്രതികരണം. തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗത്തിന് ചുമതല നൽകിയാൽ ചെറിയ തോതിലെങ്കിലും വില പിടിച്ചുനിറുത്താനാകും. പക്ഷെ അത്തരത്തിലുള്ള നീക്കം ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല.

താലൂക്ക് സപ്ലൈ ഓഫീസർമാർ

ഫോൺ: 9188527339, 0474-2767964 (കൊല്ലം)

9188527341, 0474-2454769 (കൊട്ടാരക്കര)

9188527342, 0476-2620238 (കരുനാഗപ്പള്ളി)

9188527344, 0476-2830292 (കുന്നത്തൂർ)

9188527340, 0475-2222689 (പുനലൂർ)

9188527343, 0475-2350020 (പത്തനാപുരം)

"

അമിതവില ഈടാക്കുന്ന വ്യാപാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കും.

ബി. അബ്ദുൽ നാസർ,

കളക്ടർ