പുനലൂർ: കൊവിഡ് വ്യാപകമായതോടെ കിഴക്കൻ മലയോര മേഖലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ നഷ്ടത്തിൽ. കേരളത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ തെന്മല ഇക്കോ ടൂറിസം, പാലരുവി വെള്ളച്ചാട്ടം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് ദിനംപ്രതി ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കുന്നത്. വിദേശ ടൂറിസ്റ്റുകൾക്ക് പുറമേ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് ദിവസവും നൂറുകണക്കിന് സഞ്ചാരികളായിരുന്നു കിഴക്കൻ മലയോര മേഖലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തികൊണ്ടിരുന്നത്. ഇതിൽ കുട്ടികളെയും മുതിർന്നവരെയും ഏറ്റവും കൂടുതൽ ആകർഷിച്ചിരുന്ന ഉല്ലാസ ബോട്ട് യാത്ര താത്കാലികമായി നിറുത്തിവച്ചിട്ട് നാല് മാസം പിന്നിടുകയാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ നിലച്ചതോടെ തെന്മല ഡാം ജംഗ്ഷൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും വ്യാപാരശാലകളും സ്വകാര്യ റിസോർട്ടുകളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.
വിനോദ സഞ്ചാരികൾ എത്തുന്നില്ല
ടൂറിസ്റ്റ് കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിൽ ലോക്ക് ഡൗണിന് കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും വിനോദ സഞ്ചാരികൾ ഇവിടെ എത്തുന്നില്ല. തെന്മല ഇക്കോ ടൂറിസം, പരപ്പാർ അണക്കെട്ട് തുടങ്ങിയ നിരവധി കാഴ്ചകളാണ് കിഴക്കൻ മലയോര മേഖലയിലുള്ളത്. ടൂറിസ്റ്റ് മേഖലയായ ഇവിടെ അഡ്വൈഞ്ച്വർ സോൺ, വാട്ടർ ഫൗണ്ടൻ, കുട്ടികളുടെ പാർക്ക്, ഉല്ലാസ ബോട്ട് സവാരി, മാൻ പാർക്ക്, ചങ്ങാട യാത്ര തുടങ്ങി വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന വൈവിദ്ധ്യമാർന്ന കാഴ്ചകളാണ് വനം, ടൂറിസം വകുപ്പുകൾ സംയുക്തമായി സജ്ജമാക്കിയിട്ടുള്ളത്.
ഉല്ലാസ ബോട്ട് സവാരി
തെന്മല എർത്ത് ഡാമിൽ സജ്ജീകരിച്ചിരിക്കുന്ന ബോട്ട് യാർഡിൽ നിന്ന് ആരംഭിക്കുന്ന ഉല്ലാസ ബോട്ട് സവാരിക്കിടെ കാട്ടാന, കാട്ടുപന്നി, പുലി, മാൻ, കേഴ, മയിൽ തുടങ്ങിയ വിവിധയിനം പക്ഷി മൃഗാദികളെ നേരിൽ കാണാനും കാനനഭംഗി ആസ്വദിക്കാനും കഴിയും. വനമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ട് ജലാശയത്തിൽ നാല് മാസമായി ബോട്ട് യാത്ര നിലച്ചതോടെ കാട്ടാനകൾ ഉൾപ്പെടെയുളള വന്യമൃഗങ്ങൾ കൂട്ടത്തോടെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം കൂട്ടത്തോടെ ഇറങ്ങിയ കാട്ടാനകൾ ഇണചേരുന്നതിനിടെ ഒരു പിടിയാന കുത്തേറ്റ് ചരിഞ്ഞിരുന്നു.