sambarkkam

 പൊലീസുകാരുടെയും വ്യാപാരികളുടെയും സ്രവം ശേഖരിച്ചു

പുനലൂർ: ലഹരി വസ്തുക്കളുമായി പൊലീസ് അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷനിൽ പാർപ്പിച്ച വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളുമായി സമ്പർക്കം പുലർത്തിയെന്ന് സംശയിക്കുന്ന പുനലൂർ സ്റ്റേഷനിലെ പൊലീസുകാർ ഉൾപ്പെടെ 140 പേരുടെ സ്രവം ശേഖരിച്ചു. ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റ്, തെന്മല, പുനലൂർ പെലീസ് സ്റ്റേഷനുകളിലെ 75 പൊലീസുകാരുടെയും കൊവിഡ് രോഗിയായ വ്യാപാരിയുമായി സമ്പർക്കം പുലർത്തിയെന്ന് സംശയിക്കുന്ന പുനലൂർ ടൗണിലെ 65 വ്യാപാരികളുടെയും സ്രവമാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ ശേഖരിച്ചത്. മറ്റ് വ്യാപരികൾ ഉൾപ്പെടെയുള്ള 160 പേരുടെ സ്രവം രണ്ടുദിവസം മുൻപ് ശേഖരിച്ചിരുന്നു. മുസാവരികുന്ന് സ്വദേശിയായ വ്യാപാരിയുടെ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 34കാരനായ മകന് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. മറ്റുള്ളവരുടെ പരിശോധന ഫലം രണ്ട് ദിവസത്തിനുള്ളിൽ ലഭിക്കും. 19നായിരുന്നു ലഹരിവസ്തുക്കളുമായി വ്യാപാരിയെ പുനലൂർ ടൗണിലെ കടയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കുന്നതിനിടെ നടത്തിയ സ്രവ പരിശോധനയിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഉറവിടം കണ്ടെത്താൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.