poli

പുനലൂർ: അയൽ സംസ്ഥാനത്ത് നിന്നെത്തി ക്വാറന്റൈനിൽ കഴിയുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച മലയാളി യുവാവ് പൊലീസ് പിടിയിൽ. ഇന്നലെ വൈകിട്ട് 4 ഓടെയാണ് അഞ്ചൽ സ്വദേശിയായ 30 കാരൻ രക്ഷപ്പെടാൻ ശ്രമിച്ചത്. കർണാടകയിൽ നിന്ന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷം പുനലൂർ ജയഭാരതം മെറ്റൽ ആശുപത്രിയിലെ ക്വാറന്റൈനിൽ കഴിഞ്ഞുവരികയായിരുന്നു. ഇവിടെ നിന്ന് പുറത്തിറങ്ങി ആട്ടോറിക്ഷയിൽ വീട്ടിൽ പോകാൻ ശ്രമിക്കവേ തൊളിക്കോട്ട് എത്തിയപ്പോൾ ആട്ടോ ഡ്രൈവർക്ക് സംശയം തോന്നി. തുടർന്ന് പുനലൂർ പൊലീസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ എസ്.ഐമാരായ അഭിലാഷ്, അജികുമാർ, ജനമൈത്രി സി.ആർ.ഒ അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് യുവാവിനെ പിടികൂടി ആംബുലൻസിൽ തിരികെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ഇയാൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.