ശാസ്താംകോട്ട: പള്ളിക്കലാർ കരകവിഞ്ഞതിനെ തുടർന്ന് ശൂരനാട് വടക്ക് പാതിരിക്കലിൽ കൃഷിയിടം ഇടിഞ്ഞു താഴ്ന്നു. പള്ളിക്കലാർ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പള്ളിക്കലാറിന്റെ തീരത്ത് പാർശ്വഭിത്തി നിർമ്മാണത്തിനായി നൂറ്റിയമ്പത് മീറ്റർ നീളത്തിൽ വശങ്ങളിലെ മണ്ണിടിച്ചിരുന്നു. ഇതേ തുടർന്ന് സമീപത്തെ മരങ്ങൾ കടപുഴകി വീണു. കുറുകേ കിടക്കുന്ന മരങ്ങൾ തോട്ടിലെ ഒഴുക്ക് തടസപ്പെടുത്തിയിട്ടും ഒരാഴ്ചയായി മരങ്ങൾ മാറ്റാൻ കരാറുകാരൻ തയ്യാറായില്ല. തോട്ടിലെ ഒഴുക്ക് തടസപ്പെട്ടതിനാൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ സമീപത്തെ കൃഷിഭൂമിയിലേക്ക് വെള്ളം കയറുകയും മണ്ണിടിഞ്ഞു താഴുകയും ചെയ്തു. ഇതോടെ പ്രദേശത്ത് വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്.