photo

കൊല്ലം: നാട്ടിലേക്ക് പുറപ്പെടാൻ തയ്യാറായിരുന്ന യുവാവ് ദുരൂഹ സാഹചര്യത്തിൽ ദുബായിൽ മരിച്ചു. കൊല്ലം പരവൂർ പാറേക്കാവ് കൊച്ചാലുംമൂട് കമലാലയത്തിൽ ഗോപാലൻ ഉണ്ണിത്താന്റെയും കമലാദേവി അമ്മയുടെയും മകൻ ബിജീഷ് ഗോപാലനാണ് (39) മരിച്ച വിവരം ബന്ധുക്കൾക്ക് ലഭിച്ചത്. ഞായറാഴ്ച വൈകിട്ട് 4ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ചാർട്ടേർഡ് വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്‌തിരിക്കുകയായിരുന്നു ബിജീഷ്. ഇതിനിടെയാണ് ദുബായ് ക്രീക്കിൽ മരിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ചാർട്ടേർഡ് വിമാനം ഒരുക്കിയവർ അവസാന നിമിഷം വരെ കാത്തിരുന്നിട്ടും ബിജീഷ് എത്തിയിരുന്നില്ല. തുടർന്നാണ് ദുബായ് ക്രീക്കിൽ നിന്ന് ബിജീഷിന്റെ മൃതദേഹം കണ്ടെത്തിയ വിവരം പൊലീസ് അറിയിക്കുന്നത്. മരണകാരണത്തിൽ വ്യക്തതയില്ല. ബിജീഷ് ആത്മഹത്യ ചെയ്യാൻ യാതൊരു സാധ്യതകളുമില്ലെന്ന് ബന്ധുക്കൾ പറയുന്നു. സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ നിയമനടപടികൾ തുടങ്ങിയിട്ടുണ്ട്. ഭാര്യ: അമൃത. രണ്ട് വയസുള്ള ആയുഷ് ഏക മകനാണ്.