കൊവിഡ് കാലഘട്ടത്തിൽ ഷൂട്ടിംഗ് നിറുത്തിവച്ചതോടെ നാട്ടുകാര്യങ്ങളിൽ മുഴുകി നടക്കുകയാണ് നടൻ ആന്റണി വർഗീസ്. സുഹൃത്തുക്കൾക്കൊപ്പം കൂട്ടുകൂടിയും കളിച്ചുമെല്ലാം സമയം തള്ളിനീക്കുകയാണ്. ഇപ്പോൾ ആന്റണിയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ചർച്ചയാകുന്നത്. ചൂണ്ടയിട്ട് കിട്ടിയ വലിയൊരു മീനുമായി നിൽക്കുന്ന പെപ്പെയുടെ ചിത്രമാണ് ആരാധകരെ അമ്പരപ്പിച്ചത്.
രണ്ടര കിലോ വരുന്ന വാളകൂരിയാണ് പെപ്പെയുടെ ചൂണ്ടയിൽ കുടുക്കിയത്. രസകരമായ കുറിപ്പിനൊപ്പമാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. 'ക്ഷമയുടെ യഥാർത്ഥ അർത്ഥം അറിയണമെങ്കിൽ നിങ്ങൾ ചൂണ്ടയിടാൻ പോകണം. ചിലപ്പോഴൊക്കെ അത് അവസാനമില്ലാത്ത കാത്തിരിപ്പായിരിക്കും. എന്നാൽ ബെൽ മുഴങ്ങുന്നതുകേട്ടാൽ നിങ്ങൾക്ക് സന്തോഷം വരും. നീണ്ടനേരത്തിന് ശേഷം മൂത്രശങ്ക തീർക്കുന്നതു പോലെയായിരിക്കും അത്.' - ആന്റണി വർഗീസ് കുറിച്ചു.
നിരവധി താരങ്ങളാണ് പോസ്റ്റിന് കമന്റുമായി എത്തിയത്. ചൂണ്ടയിട്ടതല്ലല്ലോ വാങ്ങിച്ചതല്ലേ എന്നായിരുന്നു കാളിദാസിന്റെ ചോദ്യം. എങ്ങനെ മനസിലായി എന്നായിരുന്നു പെപ്പെയുടെ മറുപടി. അർജുൻ അശോകനും കമന്റ് ചെയ്തിട്ടുണ്ട്.