കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി അത്യാധുനിക ഡ്രോൺ ടെക്നോളജിയുമായി നടൻ തല അജിത്തും സംഘവും. വലിയ പ്രദേശങ്ങൾ അണുവിമുക്തമാക്കാൻ സഹായിക്കുന്ന ഡ്രോണുകളാണ് താരം വികസിപ്പിച്ചെടുത്തത്. മദ്രാസ് ഐഐടിയിലെ വിദ്യാർത്ഥികളുമായി ചേർന്നാണ് താരം ഡ്രോൺ ഡിസൈൻ ചെയ്തത്.
16 ലിറ്റർ സാനിറ്റൈസർ ഉപയോഗിച്ച് ഒരു ഏക്കർ പ്രദേശം അര മണിക്കൂറിൽ അണുവിമുക്തമാക്കാൻ ഈ ഡ്രോണുകൾക്കാവും. അജിത്തിനെ പ്രശംസിച്ചുകൊണ്ട് കർണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായൺ ഉൾപ്പടെയുള്ളവർ രംഗത്തെത്തി.കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യയിൽ പലയിടത്തും വലിയ പ്രദേശങ്ങളിൽ അണുനാശിനി തളിക്കാൻ ഡ്രോണുകൾ ഉപയോഗിച്ചിരുന്നു. തുടർന്നാണ് സ്മാർട്ട് ഡ്രോൺ നിർമിച്ച അജിത്തിനെയും സംഘത്തെയും അശ്വത് നാരായൺ അഭിനന്ദിച്ചത്.
2018ൽ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി അജിത്തിനെ സിസ്റ്റം അഡ്വെസറും ഹെലികോപ്റ്റർ ടെസ്റ്റ് പൈലറ്റുമായി നിയമിച്ചിരുന്നു. പുത്തൻ സങ്കേതികവിദ്യയിൽ ഉള്ള ഒരു യുഎവി ഡ്രോൺ നിർമിക്കാൻ അജിത് വിദ്യാർത്ഥികളെ പരിശീലിപ്പിച്ചിരുന്നു. ദക്ഷ എന്നായിരുന്നു തലയുടെ ടീമിന്റെ പേര്. ഇവർ നിർമിച്ച ഡ്രോൺ ആറ് മണിക്കൂറിലേറെ സമയം നിറുത്താതെ പറന്നു. മെഡിക്കൽ എക്സ് പ്രസ് 2018 യുവി ചലഞ്ചിൽ വിജയിക്കുകയും ചെയ്തിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യയിലെ വലിയ പ്രദേശങ്ങളിൽ അണുനാശിനി തളിക്കാൻ ദക്ഷ ഡ്രോൺ ഉപേയാഗിച്ചു.